---
title: "ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതർ"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260978/delhi"
published_at: "2025-01-04T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677897f333555_Screenshot_2025-01-04_073720.jpg"
keywords: []
---

# ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതർ

> **Lead Summary:** ന്യൂഡൽഹി: ചൈനയില്‍ ആശങ്ക പരത്തുന്ന പകര്‍ച്ചവ്യാധിയായ ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസിനെക്കുറിച്ച് (എച്ച്എംപിവി) ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ അതുൽ ഗോയൽ വ്യക്തമാക്കി. ശ്വാസകോശ സംബന്ധ അസുഖമായ എച്ച്എംപിവി കേസ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

## Article Content

ന്യൂഡൽഹി: ചൈനയില്‍ ആശങ്ക പരത്തുന്ന പകര്‍ച്ചവ്യാധിയായ ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസിനെക്കുറിച്ച് (എച്ച്എംപിവി) ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ അതുൽ ഗോയൽ വ്യക്തമാക്കി. ശ്വാസകോശ സംബന്ധ അസുഖമായ എച്ച്എംപിവി കേസ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എച്ച്എംപിവിയും മറ്റേതൊരു വൈറസിനെപ്പോലെയുള്ളതാണ്. ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വാസകോശ സംബന്ധമായ പ്രശ്നമാണിതെന്നും ഗോയൽ വ്യക്തമാക്കി.

ഇത്തരം രോഗങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) നിരീക്ഷിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. എച്ച്എംപിവി പകരുന്നത് ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ഏജൻസികളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് എൻസിഡിസി വ്യക്തമാക്കി.

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപന വാർത്തകൾ വരുന്നത്. ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസ് ബാധയും ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260978/delhi)