തിരുവനന്തപുരം: സംസ്ഥാനത്ത് 2024 ൽ വാഹനാപകടങ്ങൾ കൂടിയെങ്കിലും മരണം കുറഞ്ഞുവെന്ന് മോട്ടർ വാഹനവകുപ്പിന്റെ കണക്ക്. ഹെൽമറ്റ് ഉപയോഗം വർധിച്ചതും സീറ്റ് ബെൽറ്റ് ഇടുന്നതിൽ കൂടുതൽ ശ്രദ്ധയുണ്ടായതുമാണ് മരണസംഖ്യ കുറയാൻ കാരണമെന്നാണ് വകുപ്പിന്റെ നിഗമനം.
2023ൽ സംസ്ഥാനത്ത് ഉണ്ടായ 48,091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം 48,836 അപകടങ്ങൾ ഉണ്ടായെങ്കിലും മരിച്ചത് 3714 പേരാണ്. ഡിസംബറിൽ സാധാരണ നാനൂറിനടുത്താണ് കുറെ വർഷങ്ങളായി അപകട മരണങ്ങൾ. എന്നാൽ ഈ ഡിസംബറിൽ 258 പേരാണ് അപകടങ്ങളിൽ മരിച്ചത്. ഡിസംബറിലെ കണക്ക് കൃത്യമായി രേഖപ്പെടുത്തിയാലും മരണസംഖ്യ കഴിഞ്ഞ വർഷത്തെക്കാൾ കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞവർഷം എറണാകുളം ജില്ലയിലാണ് അപകടവും മരണവും കൂടുതൽ. 7055 അപകടങ്ങളിൽ 461 പേർ മരിച്ചു. തിരുവനന്തപുരത്ത് 5449 അപകടങ്ങളിൽ 449 പേർ മരിച്ചു. കൊല്ലമാണ് മൂന്നാമത്. 3742 അപകടങ്ങളിൽ 335 പേരാണു മരിച്ചത്.
accident