തിരുവനന്തപുരം: കെട്ടിട ഉടമയ്ക്കോ താമസക്കാരനോ മുൻകൂർ നോട്ടിസ് നൽകാതെ ഒരു സ്വകാര്യ കെട്ടിടവും പൊളിക്കരുതെന്നും പൊളിക്കൽ നടപടിക്രമങ്ങൾ അറിയിക്കാൻ പ്രത്യേക വെബ് പോർട്ടൽ ആരംഭിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നിർദേശം. കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതിനു നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ നവംബർ 13ലെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണു തദ്ദേശം അടക്കമുള്ള വകുപ്പുകൾക്കും കലക്ടർമാർക്കും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നിർദേശം.
പൊളിക്കുന്നതിന് ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കി നടപടി സ്വീകരിക്കും. പൊളിച്ച കെട്ടിടം പഴയപടിയാക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും ഉദ്യോഗസ്ഥർ ബാധ്യസ്ഥരായിരിക്കും.
മുഖ്യ നിർദേശങ്ങൾ:
∙ റജിസ്റ്റേഡ് തപാൽ വഴി വേണം നോട്ടിസ് നൽകേണ്ടത്. കെട്ടിടത്തിലും നോട്ടിസ് പതിക്കണം.
∙ കെട്ടിട ഉടമയ്ക്ക് കോടതിയെ സമീപിക്കാൻ 15 ദിവസം നൽകണം. കെട്ടിട ഉടമ സ്വന്തമായി പൊളിക്കാൻ തയാറാണെങ്കിൽ വീണ്ടും 15 ദിവസം കൂടി നൽകാം. ഇതു രണ്ടും ചെയ്തില്ലെങ്കിൽ കെട്ടിടം പൊളിക്കാം.
∙ തദ്ദേശ സ്ഥാപനങ്ങൾ നോട്ടിസ് നൽകിയാൽ അക്കാര്യം കലക്ടറെ അറിയിക്കണം.
∙ എല്ലാ തദ്ദേശ സ്ഥാപനങ്ങളും 3 മാസത്തിനുള്ളിൽ പൊളിക്കൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനായി പ്രത്യേക പോർട്ടൽ സജ്ജമാക്കണം. പൊതുജനങ്ങൾക്ക് പരിശോധിക്കാൻ പോർട്ടലിൽ സൗകര്യം ഒരുക്കണം.
∙ കെട്ടിട ഉടമയെ ഹിയറിങ്ങിനു വിളിച്ചു വിശദീകരണം കേൾക്കണം. എന്തു കൊണ്ടാണ് കെട്ടിട ഉടമയുടെ ആവശ്യം നിരസിക്കുന്നതെന്നു ഉത്തരവിൽ വ്യക്തമാക്കണം. പൊളിക്കൽ മാത്രമാണ് ഏക പരിഹാരമെങ്കിൽ അതെന്തുകൊണ്ടെന്നു രേഖപ്പെടുത്തണം.
∙ പൊളിച്ചാൽ റിപ്പോർട്ട് തയ്യാറാക്കി 2 സാക്ഷികളുടെ ഒപ്പു വാങ്ങണം. പൊളിക്കൽ വിഡിയോയിൽ പകർത്തണം. റിപ്പോർട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
Thiruvanaththapuram