കൽപ്പറ്റ: വിവരാവകാശ നിയമം സെക്ഷന്‍ ആറ് പ്രകാരം പൊതുജനങ്ങള്‍ക്ക് എവിടെ നിന്നും എപ്പോഴും ഓണ്‍ലൈന്‍ മുഖേന ലഭിക്കേണ്ട ജില്ലയുടെ അടിസ്ഥാന വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച് സുതാര്യത ഉറപ്പാക്കാന്‍ വിവരാവകാശ കമ്മീഷണര്‍മാരായ ഡോ. എ അബ്ദുള്‍ ഹക്കീം, ടി.കെ രാമകൃഷ്ണന്‍ എന്നിവര്‍ നിര്‍ദേശം നല്‍കി. റവന്യൂ, വനം, പട്ടികവര്‍ഗ്ഗം, ജി.എസ്.ടി, ദുരന്തനിവാരണം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും ഔദ്യോഗിക സൈറ്റില്‍ അപ്ഡേറ്റ് ചെയ്യാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റിലെ വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ആറ് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു കമ്മീഷണര്‍.
വിവരാവകാശ നിയമം 2005 ല്‍ നിലവില്‍ വന്നത് മുതല്‍ പൗരന് നൂറ് ദിവസത്തിനകം എവിടെ നിന്നും വിവരങ്ങള്‍ ആവശ്യാനുസരണം ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കണം എന്നതാണ് വ്യവസ്ഥ. പൊതുജനങ്ങള്‍ക്ക് അറിയേണ്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുകയും അല്ലാത്തവ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുന്ന ഹര്‍ജിക്കാരന് മറുപടിയായി നല്‍കുകയും വേണം. ഉദ്യോഗസ്ഥരുടെ ചുമതലകള്‍, ജോലി നിര്‍വഹണം, പൗരാവകാശ രേഖ പുതുക്കാനും കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചും ദുരന്ത പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ പരിശോധന നയപരമാക്കിയതായും കമ്മീഷന്റെ നേതൃത്വത്തില്‍ പുന:പരിശോധന ഉറപ്പാക്കുമെന്നും അറിയിച്ചു.
എ.ഡി.എം കെ ദേവകിയുടെ അധ്യക്ഷതയില്‍ ചേബറില്‍ നടന്ന പരിശോധനയില്‍ ദുരന്തനിവാരണം, പരാതി പരിഹാര സെല്‍, ഭൂമിതരം മാറ്റം, എച്ച്, എല്‍, എന്‍, പി സെക്ഷനുകളിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ ടി. സരിന്‍ കുമാര്‍, ജോയി തോമസ്, കെ. ഗീത, കെ. ബീന, ഷീബ, അനൂപ് കുമാര്‍, ബിജു ഗോപാല്‍, ഉമ്മറലി പറച്ചോടന്‍ എന്നിവര്‍ പങ്കെടുത്തു.
Information in government departments should be made transparent: Information Commissioner