തിരുവനന്തപുരം : വയനാട് - കരിന്തളം 400 കെ.വി ലൈനിന്റെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നഷ്ടപരിഹാര പാക്കേജ് ചര്‍ച്ച ചെയ്യുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി യുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളുടെയും യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു.
നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണ്ണാടക, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നടപ്പാക്കിയ പാക്കേജ് സര്‍ക്കാര്‍ മുന്നോട്ട് വച്ചങ്കിലും അത് പര്യാപ്തമല്ലെന്ന ശക്തമായ നിലപാടാണ് എം.എല്‍.എ മാരും ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളും യോഗത്തില്‍ സ്വീകരിച്ചത്. ഓരോ സ്ഥലത്തിന്റെയും മൂല്യം കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കണമെന്ന ആവശ്യം മന്ത്രിയും കെ.എസ്.ഇ.ബി യും അംഗീകരിച്ചു.
യഥാര്‍ത്ഥ നഷ്ടം കണ്ടെത്താന്‍ ഭുമി നഷ്ടപ്പെടുന്നവരുടെ സ്ഥലം സര്‍വ്വെ നടത്തണമെന്ന് കെ.എസ്.ഇ.ബി പറഞ്ഞു . എന്നാല്‍ നഷ്ടപരിഹാര പാക്കേജ് കൃത്യമായി പ്രഖ്യാപിക്കാതെ സര്‍വ്വെ നടത്താന്‍ അനുവദിക്കില്ലെന്ന് ഭൂരിപക്ഷ അംഗങ്ങളും നിലാപാടെടുത്തത് ഏറെ ചര്‍ച്ചയായി. മാര്‍ക്കറ്റ് വിലയുടെ 85 ശതമാനമോ അല്ലെങ്കില്‍ ന്യായവിലയുടെ നാലിരട്ടിയുടെ 85 ശതമാനമോ ഏതാണൊ വലുത് അത് ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വെ നടത്താന്‍ ധാരണയായത്. കൂടാതെ ആലക്കോട് മേഖലയിലെ ബന്ധപ്പെട്ട കര്‍ഷകരെ വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വിളകളുടെ നഷ്ടപരിഹാര തുക സംബന്ധിച്ചും പ്രതിനിധികളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എ മാരായ സണ്ണീ ജോസഫ്, സജീവ് ജോസഫ്, എം.വിജിന്‍, ടി.ഐ മധുസൂധനന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.ഷാജി, ജോജി മാത്യു, സാജു സേവ്യര്‍, കെ.പി.രജീഷ്, ആന്റെണി സെബാസ്റ്റ്യന്‍, പി. രജനി, ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായ ഫാദര്‍ പയസ് പടിഞ്ഞാറേമുറിയില്‍, തോമസ് വര്‍ഗ്ഗീസ്, ടോമി കുമ്പിടിയാമാക്കല്‍, ബെന്നി.പി.ജെ, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Wayanad