കണ്ണൂർ : 2008ലെ ഉത്തരവ് പ്രകാരം വിറക് ഇനത്തിൽ 15 ഇനങ്ങൾ ഒഴികെയുള്ളവ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോവുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് നടപ്പിലാക്കാൻ നിർദേശം നൽകിയതായും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ കെ വി സുമേഷ് എംഎൽഎയുടെ സബ്മിഷന് മറുപടിയായി അറിയിച്ചു. വിറകുകൾ അയൽ സംസ്ഥാനത്തേക്ക് കൊണ്ടുപോവുന്നത് തടയാത്തതിനാൽ പ്ലൈവുഡ് വ്യവസായത്തിന് അസംസ്‌കൃത ഉൽപന്നങ്ങൾ ലഭ്യമാവുന്നില്ലെന്നാണ് എംഎൽഎ ഉന്നയിച്ചത്.
1984ലെ ഓർഡിനൻസ് പ്രകാരം നിലവിൽ വന്ന 1985ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് പുറത്തേക്ക് വിറക് കൊണ്ടുപോവുന്നത് വിലക്കിയിരുന്നെങ്കിലും നിലവിൽ ഈ ഉത്തരവ് പ്രാബല്ല്യത്തിൽ ഇല്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, മാർച്ച് 11ന് പ്രാബല്യത്തിൽ വരത്തക്ക വിധം നിലവിൽവന്ന 1986ലെ കേരള എസൻഷ്യൽ ആർട്ടിക്കിൾ (കൺട്രോൾ) ആക്ടിന് കീഴിൽ വിജ്ഞാപനം ചെയ്ത പട്ടികയിൽ 2008ലെ സർക്കാർ ഉത്തരവ് പ്രകാരം നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വ്യവസായ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ അത് പരിശോധിച്ച് വ്യവസായ മന്ത്രിയെ കൂടി ഉൾപ്പെടുത്തി ചർച്ച നടത്തി ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ ആവശ്യമായ ഉത്തരവ് നൽകാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
aksaseendren