നാസയുടെ ക്രൂ – 10 ബഹിരാകാശ യാത്രികരുമായി പോയ സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും ബുച്ച് വില്‍മോറുമടക്കമുള്ള ഏഴംഗ സംഘം ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു. ഈ മാസം 19ന് ക്രൂ-9ന് ഒപ്പം മറ്റൊരു ഡ്രാഗണ്‍ പേടകത്തിൽ സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങും.
ശനിയാഴ്ച പുലര്‍ച്ചെ 4.33ന് കെന്നഡി സ്പെയ്‌സ് സെന്ററില്‍ നിന്ന് ഫാൽക്കൺ റോക്കറ്റിലാണ് ക്രൂ 10 ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്ന് രാവിലെ 9.30ഓടെ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. നാസയും സ്‌പേസ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വത്തം നല്‍കുന്നത്. കമാൻഡർ ആനി മക്ലെന്റെ നേതൃത്വത്തില്‍ നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോ എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.
ക്രൂ 10 എത്തിയതോടെ മുൻ ദൌത്യസംഘമായ ക്രൂ 9ന് ഭൂമിയിലേക്ക് മടങ്ങാം. ഒമ്പത് മാസത്തിലേറെയായി ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഇവർക്കൊപ്പം തിരിച്ചെത്തുമെന്നതാണ് ദൌത്യത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ എത്തിയത്. സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാർ മൂലം ഇരുവർക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. സ്റ്റാർലൈനർ പേടകം ആളില്ലാതെ തിരിച്ചിറക്കുകയായിരുന്നു.
Nasacrueatspace