ഇരിട്ടി : യുവജനങ്ങളിലും വിദ്യാർത്ഥികളിലും അക്രമവാസനയും ആത്മഹത്യാപ്രവണതയും അസ്വാഭാവിക മരണങ്ങളും വർദ്ധിച്ചു വരാനുള്ള കാരണം മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗമാണ് . ലഹരി പുതുതലമുറയെ ദിശാ ഭ്രംശത്തിലേക്ക് നയിക്കുന്നുവെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് അഭിപ്രായപ്പെട്ടു. തലശേരി അതിരൂപതാ കെ സി ബി സി മദ്യ വിരുദ്ധ സമിതിയും മുക്തിശ്രീയും ബഹുജന പങ്കാളിത്തത്തോടെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിനു മുമ്പിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും മയക്കുമരുന്നു മാഫിയകളുടെ ഇടപെടലുകളും നമ്മുടെ സാംസ്കാരിക സ്വച്ഛതയെ തകിടം മറിക്കുന്നു. ക്രൈം റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ ധാർമ്മികത പുലർത്തണം.
അക്രമത്തെയും അധമ ചിന്തകളെയും പ്രോത്സാഹിപ്പിക്കുന്ന വാർത്തകൾ കൗമാരക്കാരിലും യുവജനങ്ങൾക്കിടയിലും വൈറലാകുന്നത് ഗൗരവത്തോടെ കാണണം. ലഹരിവസ്തുക്കളെ അതിന്റെ ഉറവിടങ്ങളിൽ നിന്നു തന്നെ കണ്ടെത്തി നിർമ്മിക്കുന്നവരെയും സൂക്ഷിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പോലീസും എക്സൈസ് വകുപ്പും തയ്യാറാകണം. ഇച്ഛാശക്തിയുള്ള സർക്കാരിന് ഒറ്റ ഉത്തരവു കൊണ്ടു തന്നെ നമ്മുടെ സംസ്ഥാനത്തെ രക്ഷിക്കാനാകും. അതിന് ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം പിതാവ്‍ ഓർമ്മിപ്പിച്ചു. കുന്നോത്ത് ഫൊറോനാ ഡയറകർ ഫാ.സെബാസ്റ്റ്യൻ മുക്കിലിക്കാട്ട്, ഡയറക്ടർ ഫാ. ജോർജ് അച്ചാണ്ടിയിൽ, രൂപതാ ഡയറക്ടർ ഫാ. ജോസഫ് പൂവത്തോലിൽ, അതിരൂപതാ പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് , മുക്തി ശ്രീ പ്രസിഡന്റ് ഷിനോ പാറയ്ക്കൽ, സിസ്റ്റർ ജോസ് മരിയ, ടി.ഡി. ദേവസ്യ, സോയി ജോസഫ് , സോളി രാമച്ചനാട്ട്, സെബാസ്റ്റ്യൻ കക്കാട്ടിൽ , ഷെൽസി കാവനാടി, ബിന്ദു ഓരത്തേൽ എന്നിവർ പ്രസംഗിച്ചു.
iritty