ദില്ലി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വിസ നൽകില്ല. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം.
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
കനത്ത ജാഗ്രത തുടരണമെന്ന് സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. അവർക്ക് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുമെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. അതേസമയം, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം നാളെ നടക്കും.
Delhi