തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ മൂന്നു ഗഡുക്കളാണ് കുടിശ്ശികയുള്ളത്. അതിൽ ഒരു ഗഡു മേയിൽ അനുവദിക്കാനാണ് തീരുമാനം. അതോടൊപ്പം മേയ് മാസത്തെ പെൻഷനും നൽകും. അങ്ങനെ വരുമ്പോൾ രണ്ട് തവണ ഉപഭോക്താക്കൾക്ക് രണ്ട് പെൻഷൻ ലഭിക്കും. ഓരോ ഗുണഭോക്താവിനും മേയ് മാസത്തിൽ 3200 രൂപയാണ് ലഭിക്കുക.
അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അതിനായി 1800 കോടി രൂപയോളം വേണം.കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെഭാഗമായി കുടിശികയായ ക്ഷേമ പെൻഷനിലെ ഒരുഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. അവശേഷിക്കുന്ന രണ്ട് ഗഡു കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ കൊടുത്തുതീർക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
അഞ്ചു ഗഡുക്കളാണ് പെൻഷൻ ഇനത്തിൽ കുടിശ്ശികയായുണ്ടായിരുന്നത്. അതിൽ രണ്ട് ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം വിതരണം ചെയ്തു.
Kshemapention