ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ച് പേരെ നാളെ ചോദ്യം ചെയ്യും. അലപ്പുഴ എക്‌സൈസ് സംഘം വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യം ചെയ്യുക.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കഞ്ചാവ് കടത്തിനെക്കുറിച്ചും സാമ്പത്തിക ബന്ധത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെയാണ് കൂടുതല്‍ പേര്‍ക്ക് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയത്. എന്തിനു വേണ്ടിയാണ് പണമിടപാട് നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നും പരിശോധിക്കും. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, കൊച്ചിയിലെ മോഡല്‍, ബിഗ് ബോസ്സ് താരം, സിനിമ മേഖലയിലെ മറ്റൊരാള്‍ എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. പ്രതികള്‍ മൂന്നു പേരെ ഇന്നലെ എറണാകുളത്തെ ഇവര്‍ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്‌ലാറ്റിലും കഞ്ചാവ് പിടികൂടിയ ആലപ്പുഴ ഓമനപ്പുഴയിലെ റിസോര്‍ട്ടിലും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
പ്രതി തസ്ലീമ സുല്‍ത്താന്റെ ഫോണില്‍ നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചു എന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. പ്രതികളെ ചോദ്യം ചെയ്തതില്‍ തസ്ലീമില്‍ നിന്നാണ് ലഹരി കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
Hybridkanjavcase