കൊച്ചി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 11.45 ഓടെ രാമചന്ദ്രന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. 10 മിനിറ്റോളം വീട്ടില്‍ ചെലവഴിച്ചാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ നിന്ന് മടങ്ങിയത്.
കെ കെ ശൈലജയും രാമചന്ദ്രന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. ഭീകരവാദത്തിനെതിരെ ജാതി മത ഭേതമന്യേ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കെ കെ ശൈലജ വ്യക്തമാക്കി. രാമചന്ദ്രന്റെ മകളുടെ പ്രതികരണം മാതൃകാപരമെന്നും രാമചന്ദ്രന്റെ കുടുംബത്തിന്റെ ദുഖം നാടിന്റെയും രാജ്യത്തിന്റെയും ദുഖമാണെന്നും കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെ അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാ മതത്തിലുമുള്ള മനുഷ്യസ്‌നേഹികള്‍ ഒരുമിച്ച് ചേര്‍ന്ന് ഭീകരവാദത്തെ എതിര്‍ക്കണം. സാധാരണയായി ബൈസരണ്‍ താഴ്വരയില്‍ കനത്ത സുരക്ഷാ സന്നാഹം ഉണ്ടാകുന്നതാണ്. കുറവു വന്നതെങ്ങനെ എന്നതും പരിശോധിക്കണം. ദുരന്ത മുഖത്ത് രാമചന്ദ്രന്റെ മകള്‍ ആരതി കാണിച്ച ധൈര്യവും പക്വതയും ആശ്വാസമുളവാക്കുന്നതാണ്. ഇന്ത്യക്ക് ഒരു ആത്മാവുണ്ടെങ്കില്‍ അത് ഈ പെണ്‍കുട്ടിയാണ് എന്ന് ചിലര്‍ കുറിച്ചത് അന്വര്‍ത്ഥമായി. മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ നമുക്ക് ഒരുമിക്കാമെന്നും കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
Pinarayvisit