തിരുവനന്തപുരം: പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയ. തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഷാജൻ സ്കറിയ പറഞ്ഞു. സമൂഹത്തിനു മുന്നിൽ തന്നെ മോശമായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥൻ പ്രതികാരം തീർക്കുകയായിരുന്നു.
പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഷാജൻ സ്കറിയ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ ഹർജി നൽകും. അന്വേഷണ ഉദ്യോഗസ്ഥൻ തന്നോടുള്ള വിരോധം തീർക്കുകയാണെന്നും ഷാജൻ ആരോപിച്ചു. മൂന്ന് മാസം മുൻപ് എടുത്ത കേസിൽ രാത്രി വീട് കയറി കസ്റ്റഡിയിലെടുത്തതിന് പിന്നിൽ ഉദ്യോഗസ്ഥന്‍റെ പ്രതികാരം ഉണ്ടെന്നാണ് ഷാജൻ സ്കറിയയുടെ പരാതി.
അപകീർത്തി കേസിൽ നോട്ടീസ് നൽകാതെ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത രീതിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. മൂന്ന് മാസം മുൻപ് എടുത്ത കേസിൽ രാത്രി വീട് കയറി കസ്റ്റഡിയിലെടുത്തതിന് പിന്നിൽ ഉദ്യോഗസ്ഥന്‍റെ പ്രതികാരം ഉണ്ടെന്നാണ് ഷാജന്‍റെ പരാതി. നടപടിക്രമത്തിൽ പൊലീസ് വരുത്തിയ വീഴ്ചകൂടി പരിഗണിച്ചാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും കോടതി ഷാജന് ജാമ്യം അനുവദിച്ചത്.
ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പൊലീസ് പാലിക്കണ്ട നിയമ നടപടികൾ മറികടന്നാണ് ഇന്നലെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തതെന്നാണ് വിമർശനം. അപകീർത്തി കേസിൽ നോട്ടീസ് നൽകി വിളിപ്പിക്കാമെന്നിരിക്കെ എരുമേലി മുതൽ ഷാജൻ സ്കറിയയെ പൊലീസ് പിന്തുടരുകയായിരുന്നു, രാത്രി വീട് കയറി വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ കസ്റ്റഡിയിലെടുത്തുവെന്നാണ് ഷാജൻറെ പരാതി. ഐടി ആക്ടിലെ 67 ആം വകുപ്പ് 1 വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കുന്ന ഗുരുതര കുറ്റകൃത്യമാണെങ്കിലും ഷാജൻ സ്കറിയ ഒളിവിൽ പോയിട്ടില്ല. സൈബർ സെൽ സിഐ നിയാസിന്‍റെ നടപടിയിൽ നിയമപരമായ വീഴ്ചയുണ്ടെന്നാണ് ആരോപണം.
പിവി അൻവർ നൽകിയ അപകീർത്തി കേസുകളിൽ ഷാജൻ സ്കറിയയെ വിശദാംശങ്ങൾ അറിയിക്കാതെ കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയിരുന്നു. 107 കേസുകൾ സംസ്ഥാന വ്യപകമായി ഷാജനെതിരെയെടുത്തത്. എന്നാൽ, 10 ദിവസം മുൻപ് നോട്ടീസ് നൽകാതെ ഷാജൻ സ്കറിയയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കരുതെന്ന് അന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതോടെയാണ് തുടർ നടപടി തണുത്തത്. എൽഡിഎഫ് ഭരണത്തിൽ മാധ്യമപ്രവർത്തർക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരായ പൊലീസിന്‍റെ പല നടപടികളും വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഷാജൻറെ അറസ്റ്റിനെതിരെയും ഉയരുന്നത് സമാന വിമർശനമാണ്.
യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് ഷാജൻ സ്കറിയയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുഎഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്.
Shajanskariyacase