കല്‍പ്പറ്റ: ടൂറിസം മേഖലയില്‍ സുരക്ഷ ഇല്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങളും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും, കുടുംബത്തിന്റെ ഏക ആശ്രയവും, സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന നിഷ്മയുടെ കുടുംബത്തെ സഹായിക്കാനുള്ള നടപടികളുണ്ടാവണമെന്നും ആവശ്യപ്പെട്ട് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കി.
മേപ്പാടി പഞ്ചായത്തിലെ 900 കണ്ടിയില്‍ കഴിഞ്ഞ ദിവസം വിനോദസഞ്ചാരത്തിന് വന്ന മലപ്പുറം അകമ്പാടം സ്വദേശിനി നിഷ്മ താമസിച്ചിരുന്ന ടെന്റ് പൊളിഞ്ഞ് വീണ് അതിദാരുണമായി മരണപ്പെട്ടിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നിഷ്മ. മരണപ്പെട്ട നിഷ്മയുടെ പിതാവ് ജിദ്ദയില്‍ സാധാരണ ജോലി ചെയ്ത് വരുകയാണ്. അദ്ദേഹത്തിന്റെ ഇക്കാമയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇപ്പോള്‍ ജയിലിലാണ് ഉള്ളത്. നിഷ്മ താമസിച്ച ടെന്റ് പൊളിഞ്ഞുവീണ സംഭവത്തില്‍ ഗുരുതരമായ ജാഗ്രതകുറവും, കൃത്യവിലോപം നടന്നുവെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ടെന്റിന്റെ കാലപ്പഴക്കമോ, സുരക്ഷയോ പരിശോധിക്കാതെ വിനോദസഞ്ചാരികളെ ഇത്തരം സംവിധാനത്തില്‍ താമസിപ്പിക്കാനാവശ്യമുള്ള സൗകര്യം ചെയ്യുന്നത് അതീവ ഗുരുതരമായ പാളിച്ചയാണ്. 2023ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുവാദമില്ലാതെ തന്നെ ഇത്തരം സംവിധാനങ്ങള്‍ നടത്താം എന്നുള്ള തീരുമാനമുള്‍പ്പെടെ ഗൗരവമായി പരിശോധിക്കേണ്ട ഘടകങ്ങള്‍ മുഴുവന്‍ പരിശോധിച്ച് ഇത്തരം കാര്യങ്ങളില്‍ ശക്തമായ നടപടിയുണ്ടാകണമെന്ന് പ്രത്യേകം ആവശ്യപ്പെടുന്നു. 2024 ജനുവരി മാസത്തില്‍ കുറ്റ്യാടി സ്വദേശിനി ഷഹാന മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റിനുള്ളില്‍ താമസിച്ചിരുന്നപ്പോഴാണ് കാട്ടനയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. ഇങ്ങനെയുള്ള മരണങ്ങള്‍ വയനാട്ടിലെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിക്കുകയാണ്. സുരക്ഷ ആവശ്യമായിട്ടുള്ള ടൂറിസം മേഖലയില്‍ സുരക്ഷ ഇല്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങളും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ഏറെ വേദനയുണ്ടാക്കുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം കൊടുക്കണമെന്നും എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.
Wayanad