തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസര്‍കോടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. അതിനാല്‍ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്നലെ രാത്രി പെയ്ത മഴയില്‍ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നെല്ലിയാമ്പതിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയില്‍ ഇന്നലെ രാത്രിയിലും ശക്തമായ മഴ തുടര്‍ന്നു. തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കനത്ത മഴപെയ്തു. വൈത്തിരി ,ചൂരല്‍മല , പുത്തുമല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. തവിഞ്ഞാല്‍, പൊഴുതന, മുട്ടില്‍, തരിയോട്, മേപ്പാടി പഞ്ചായത്തുകളില്‍ അധികൃതര്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മഴ ശക്തമായി തുടരുകയാണെങ്കില്‍ അപകട സാധ്യത മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിരിക്കുകയാണ്. ക്വാറികളുടെ പ്രവര്‍ത്തനവും നിരോധിച്ചിട്ടുണ്ട്.
Rain