കോഴിക്കോട്: വീടിന്റെ സംരക്ഷണഭിത്തി മറ്റൊരു വീട്ടിലേക്ക് ഇടിഞ്ഞുവീണ് നവജാത ശിശുവിന് പരിക്കേറ്റു. കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ വാലില്ലാപ്പുഴയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ഓളിപാറമ്മല്‍ അജിയുടെയും അലീനയുടെയും മകന്‍ അന്‍ഹക്കാണ പരിക്കേറ്റത്. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരുടെ സഹായത്താല്‍ പണി പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീടിന്റെ സംരക്ഷണ ഭിത്തിയാണ് അജിയുടെ വീടിന് മുകളിലേക്ക് പതിച്ചത്. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം തോട്ടുമുക്കം പുല്‍പാറയിലും വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി. പറയില്‍ ജോബിയുടെ വീടിന് സമീപത്തെ കെട്ടിടത്തിലേക്കാണ് അടുത്ത വീട്ടിലെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണത്. എണ്ണക്കടികളും മറ്റും ഉണ്ടാകുന്ന കെട്ടിടമായിരുന്നു ഇത്. ഗാസ് സ്റ്റൗ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ മണ്ണിനടിയിലായെന്ന് ഉടമ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ ഓഡിറ്റോറിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ ഭീമന്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം. ഇന്നലെ രാത്രി ഒന്‍പതോടെ കോഴിക്കോട് മാവൂര്‍ പൈപ്പ് ലൈന്‍ ജങ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിലാണ് സംഭവമുണ്ടായത്. കണ്ണിപറമ്പ് സ്വദേശി ഈന്തുംകണ്ടി മേത്തല്‍ രജീഷിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കാന്‍ എത്തിയതായിരുന്നു രജീഷും കുടുംബവും.
Kozhikkod