തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത് തിരുവനന്തപുരം ഡിസിപി പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി അപേക്ഷ നൽകുമെന്ന് ഡിസിപി അറിയിച്ചു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു പ്രതി.
പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിർണാകമായ ഈ ചാറ്റ് വിവരങ്ങൾ.
Sukandarrested