---
title: "കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം: മന്ത്രി വീണാ ജോർജ്"
english_title: "Covid "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295541/covid"
published_at: "2025-06-11T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6848e77ea896c_download_(3).jpeg"
keywords: []
---

# കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം: മന്ത്രി വീണാ ജോർജ്

> **Lead Summary:** **തിരുവനന്തപുരം**: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7,എക്‌സ് എഫ് ജി എന്നിവയാണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്.

## Article Content

**തിരുവനന്തപുരം**: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7,എക്‌സ് എഫ് ജി എന്നിവയാണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്.

സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികൾ റഫർ ചെയ്യരുതെന്ന് നിർദേശം നൽകി. ആശുപത്രികളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295541/covid)