കണ്ണൂർ : തളിപ്പറമ്പ് താലൂക്കിലുണ്ടായ ശക്തമായ മഴയില്‍ വളപട്ടണം പുഴയുടെ കരയില്‍ ചെക്കിക്കടവ് മുതല്‍ എരഞ്ഞിക്കടവ് വരെയുള്ള ഭാഗങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടായതായി കയരളം വില്ലേജ് ഓഫീസര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ കമ്പില്‍ ദേശത്തെ വി രാജേഷ്, വി ഓമന എന്നിവരുടെ വീട്ടിനിടയിലുള്ള മതിലിടിഞ്ഞ് ഇരുവരുടെയും വീടിന് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. കാവുമ്പായി റേഷന്‍ കടയ്ക്ക് സമീപത്തെ വാസുദേവന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകിവീണ് നാശനഷ്ടം സംഭവിച്ചു.
നിടിയേങ്ങ വില്ലേജ് പരിധിയിലെ കാവുമ്പായില്‍ കോണ്‍ക്രീറ്റ് വീടിന് മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടമുണ്ടായതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു. ആളപായങ്ങളില്ല. ശ്രീകണ്ഠാപുരം പഴയങ്ങാടിയില്‍ മണ്ണിടിഞ്ഞ് മരം ഇലക്ട്രിക് ലൈനിന് മുകളിലേക്ക് വീണതിനെ തുടര്‍ന്ന് മൂന്ന് പോസ്റ്റുകള്‍ റോഡിലേക്ക് പൊട്ടി വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും കെ എസ് ഇ ബി യും തടസ്സം നീക്കിയിട്ടുണ്ട്. പട്ടുവം കൂത്താട്ട് കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതായി കൊളച്ചേരി വില്ലേജ് ഓഫീസര്‍ അറിയിച്ചു. ആളപായമില്ല.
Rain