കണ്ണൂർ: ഉമ്മന്‍ചാണ്ടി നവീകരണോല്‍ഘാടനം നിര്‍വഹിച്ച പാര്‍ക്ക്, വീണ്ടും നവീകരിച്ചശേഷം ടൂറിസം മന്ത്രിയുടെ ക്രെഡിറ്റിലാക്കിയതായി ആക്ഷേപം. ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്ന കണ്ണൂര്‍ പയ്യാമ്പലത്തെ നടപ്പാതയുടെ ഉദ്ഘാടന ശിലാഫലകം, ഡിടിപിസി എടുത്തുമാറ്റിയതിലാണ് പ്രതിഷേധം. ഫലകം വെക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ടാണ് പഴയത് മാറ്റിയതെന്നാണ് വിശദീകരണം.
2022 മാര്‍ച്ച് ആറിനാണ് പയ്യാമ്പലം ഗസ്റ്റ് ഹൗസിനോട് ചേര്‍ന്നുള്ള നടപ്പാതയുടെയും സീവ്യു പാര്‍ക്കിന്‍റെയും നവീകരണ ഉദ്ഘാടനം നടക്കുന്നത്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പാര്‍ക്കിലേക്ക് പോകുന്ന വഴിയിലാണ് ശിലാഫലകം ഉള്ളത്. 2015 ല്‍ ഉമ്മന്‍ചാണ്ടിയാണ് അന്ന് നടന്ന നവീകരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അത് കാണാനില്ലെന്നും, ഒരു മൂലയിലേക്ക് മാറ്റിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

പാര്‍ക്കിന് മുന്നില്‍ പ്രതിഷേധിച്ച ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ പഴയ ശിലാഫലകം പുതിയതിന് താഴെ വച്ചു. എടുത്തുമാറ്റിയാല്‍ അപ്പോ കാണാമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. രണ്ട് ശിലാഫലകം സ്ഥാപിക്കാനുള്ള സ്ഥലം ഇല്ലാത്തത് കൊണ്ട് നവീകരണം നടത്തിയ കരാറുകാര്‍ ആയിരിക്കാം പഴയത് മാറ്റിയതെന്നാണ് ഡിടിപിസി പറയുന്നത്. ഉമ്മന്‍ചാണ്ടിയിട്ട കല്ലിനെക്കുറിച്ച് ഇടതുസൈബര്‍ കേന്ദ്രങ്ങള്‍ പരിഹാസങ്ങള്‍ ചൊരിയുന്ന കാലത്താണ് കല്ല് പിഴുതുളള ക്രെഡിറ്റെടുക്കല്‍.
kannur