തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലര്‍ട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട് മുന്നറിയിപ്പുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ട ആണ്. 20ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ്.

പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പ് തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
ഓറഞ്ച് അലർട്ട്
കാസർകോട് : ഉപ്പള (ഉപ്പള സ്റ്റേഷൻ)
മഞ്ഞ അലർട്ട്
കാസർകോട് : മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് രണ്ടു മണിയോടെ ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം. വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡാം സ്പിൽവേയുടെ മുന്നിൽ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതർ അറിയിച്ചു.
Redalertkerala