കതിരൂർ: കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ പ്രധാന ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിൻ്റെ ദാരുശില്പങ്ങൾ മ്യൂറൽ പെയിന്റിംഗ് പ്രവർത്തി നടത്തി നവീകരിച്ച് ദേവസ്വത്തിന് തിരിച്ച് ഏൽപ്പിക്കുന്ന ചടങ്ങ് കതിരൂർ സൂര്യനാരായണ ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു. ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു നമസ്കാരമണ്ഡപത്തിലെ ജീർണാവസ്ഥയിലായിരുന്ന ശിൽപ്പങ്ങളുടെ പുനർവർണലേപനം നടത്തിയത്.
പ്രശസ്ത മ്യൂറൽ ചിത്രകാരൻ ബബീഷ് അണേലയായിരുന്നു ദാരുശില്പങ്ങൾ വർണലേപനം നടത്തി നവീകരിച്ചത്. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ ബബീഷിൽ നിന്നും ശിൽപങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ കെ. കെ.മാരാർ അധ്യക്ഷത വഹിച്ചു. സൂര്യനാരായണ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ കെ.ടി സദാനന്ദൻ, ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ, നാരായണൻ നായർ, സി.വി. ധനേഷ് എന്നിവർ സംസാരിച്ചു.
കൊട്ടിയൂർ ദേവസ്വം ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ, പി ആർ ലാലു, എക്സിക്യൂട്ടീവ് ഓഫീസർ കെ നാരായണൻ, സൂര്യനാരായണ ക്ഷേത്രം ചെയർമാൻ മഹേഷ് കെ എൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സദാനന്ദൻ, തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തു.
മണത്തണ കുണ്ടേൻ ക്ഷേത്രത്തിൽ നിന്നും രണ്ട് മാസങ്ങൾക്കു മുൻപ് ദാരുശില്പങ്ങൾ ബബീഷ് ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് കതിരൂർ സൂര്യനാരായണ ക്ഷേത്രാങ്കണത്തിൽ വച്ചായിരുന്നു ശില്പങ്ങൾക്കു നിറം നൽകുന്ന ജോലികൾ ബബീഷ് അണേല നിർവഹിച്ചത്. അക്രലിക്കിൽ പമ്പരാഗത വർണ്ണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ ചിലവിൽ രണ്ടു മാസങ്ങൾകൊണ്ട് ബബീഷ് പ്രവർത്തി പൂർത്തീകരിക്കുകയായിരുന്നു.
received the renovated wood carvings of the Mahavishnu temple