ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഉപദേശിച്ച മാർഗ്ഗദർശിയായിരുന്നു പിപി മുകുന്ദൻ

ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഉപദേശിച്ച മാർഗ്ഗദർശിയായിരുന്നു പിപി മുകുന്ദൻ
Sep 13, 2023 06:13 PM | By Vinod

ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഉപദേശിച്ച മാർഗ്ഗദർശിയായിരുന്നു പിപി മുകുന്ദനെന്ന് കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതി സെക്രട്ടറിയും എഴുത്തുകാരനുമായ പി എസ് മോഹനൻ കൊട്ടിയൂർ അനുസ്മരിച്ചു. ഉപരിപ്ലവമായ പ്രശസ്തിക്കുമപ്പുറം സമ്പർക്ക പരിധിയിലുള്ള ഓരോ വ്യക്തിയുമായും അഗാധവും ദൃഢവുമായ വ്യക്തിബന്ധം സ്ഥാപിക്കുന്നതിൽ അന്യാദൃശമായ പാടവമുണ്ടാകയാൽ ഏവരുടെയും ജ്യേഷ്ഠ സഹോദരനായി കേരളജനതയുടെ മുകുന്ദേട്ടനായി അദ്ദേഹം മാറി.

പ്രായം കൊണ്ടും കർമ്മമണ്ഡലത്തിലും ഗുരുസ്ഥാനീയനായ പരമേശ്വർജി പോലും മുകുന്ദൻ ചേട്ടൻ എന്നാണ് പരാമർശിച്ച് കേട്ടിട്ടുള്ളത്. രാഷ്ട്രീയ ഭേദമോ സമൂഹത്തിലെ മറ്റേതെങ്കിലും വേർതിരിവുകളോ പരിഗണിക്കാതെ ജനങ്ങളെ ഒരു യൂണിറ്റായി കാണുന്ന പൊതുപ്രവർത്തകർ ഇന്ന് വിരളമാണ്. പക്ഷഭേദമില്ലാതെ സാമൂഹ്യവിഷയങ്ങളിലിടപെടാനും സമദൃഷ്ടിയോടെ എല്ലാവരെയും സമീപിക്കാനും മുകുന്ദേട്ടന് സാധിച്ചു. ക്ഷേത്രഗ്രാമമായ മണത്തണയിലെ ക്ഷേത്രങ്ങൾക്ക് പുത്തനുണർവ്വ് നൽകിക്കൊണ്ടാണ് പൊതുരംഗത്തേക്ക് മുകുന്ദേട്ടൻ ചുവടുവച്ചത്. ശക്തിദേവതയുടെ വിഹാരകേന്ദ്രമായ മണത്തണ ശ്രീചപ്പാരം ക്ഷേത്രത്തിൽ ഉദ്ദേശം അര നൂറ്റാണ്ടുകളായി നടന്നുവരുന്ന വിപുലമായ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് പി.പി. മുകുന്ദേട്ടൻ ജനറൽ കൺവീനറായ ആഘോഷകമ്മിറ്റിയാണ്.കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹിന്ദുധർമ്മശാസ്ത്രപണ്ഡിതരെ ചപ്പാരംക്ഷേത്രവേദിയിലെത്തിക്കാൻ മുകുന്ദേട്ടൻ ശ്രദ്ധിച്ചു.ചപ്പാരം ക്ഷേത്രപൂജകനായിരുന്ന പ്രഗത്ഭതാന്ത്രികാചാര്യൻ ദാരപ്പശ്ശാരുടെ ശിഷ്യനായി ശക്തിസാധനാപഥത്തിലേക്കും പ്രവേശിച്ചു. തന്ത്രശാസ്ത്രപണ്ഡിതനായ മാധവജിയും ചപ്പാരം ക്ഷേത്രവും ദാരപ്പശ്ശാരുമായുള്ള സമ്പർക്കം കേരളത്തിലെ ആദ്ധ്യാത്മിക കമണ്ഡലത്തിലുണ്ടാക്കിയ സ്വാധീനം ഗണ്യമായിരുന്നു. മുകുന്ദേട്ടന്റെ തറവാട് ക്ഷേത്രമായ മണത്തണ കുളങ്ങരേത്ത് പള്ളിയറ ഭഗവതീ ക്ഷേത്രത്തിന്റെ നവീകരണത്തിലും പില്ക്കാലത്ത് അദ്ദേഹം ബദ്ധശ്രദ്ധനായി. ഇവിടെ പ്രശസ്തഗായകൻ യേശുദാസ് നാടിന് സമർപ്പിച്ച ധ്യാനമണ്ഡപം വിദൂരദേശങ്ങളിലെ ഭക്തന്മാരെകൂടി ആകർഷിച്ചുവരുന്നു.

കലാസാംസ്കാരികസാഹിത്യമണ്ഡലങ്ങളിലുള്ള പ്രഗത്ഭ വ്യക്തിത്വങ്ങളെ ഈ കൊച്ചുഗ്രാമക്ഷേത്രവേദിയിൽ അണിനിരത്തി. ഉത്തരകേരളത്തിലെ പ്രമുഖതീർത്ഥാടനകേന്ദ്രമായ ശ്രീകൊട്ടിയൂർക്ഷേത്രത്തിലെ ഒന്നാം ഊരാള കുടുംബാംഗമായ മുകുന്ദേട്ടൻ ക്ഷേത്രകാര്യങ്ങളിലും സജീവശ്രദ്ധ ചെലുത്തി വന്നിരുന്നു. അടക്കാത്തോട് പള്ളിയറ ക്ഷേത്രം ഉൾപ്പെടെ മലയോരമേഖലയിലെ നിരവധി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിൽ മുകുന്ദേട്ടന്റെ മാർഗ്ഗദർശനം ഉണ്ടായി. പേരാവൂർ മേഖലാക്ഷേത്രകൂട്ടായ്മപ്രവർത്തകർക്കും മാർഗ്ഗദർശനം നൽകിവന്നു. ചെന്നൈയിലും തിരുവനന്തപുരത്തും തൃശ്ശൂരും കൊച്ചിയിലും കേന്ദ്രീകരിച്ച് സംസ്ഥാന ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുമ്പോഴും സ്വന്തം ഗ്രാമമായ മണത്തണയിലെ രാമായണസത്സംഗത്തിലും കേളകത്തെ എസ്എൻഡിപികുടുംബസംഗമത്തിലും കൊട്ടിയൂരിലെ ശബരിമല ആചാരസംരക്ഷണകൂട്ടായ്മയിലും പങ്കെടുക്കാൻ മുകുന്ദേട്ടൻ സമയം കണ്ടെത്തി. തർക്കവിഷയങ്ങളിൽ കക്ഷിചേരുമ്പോൾ സാമൂഹ്യപ്രവർത്തകർ പക്ഷഭേദം ഇല്ലാത്തവരാവണമെന്നതായിരുന്നു മുകുന്ദേട്ടന്റെ മാർഗ്ഗനിർദ്ദേശം. കൊട്ടിയൂരിൽ എഛ് ഐ വി ബാധിതവിദ്യാർത്ഥികൾക്ക് സാമൂഹ്യവിലക്കുണ്ടായപ്പോൾ ഡോ. ബി.ഇക്ബാൽ ഉൾപ്പെടെയുള്ള ശാസ്ത്രപ്രചാരകന്മാരെപ്പോലും അഭ്യസ്തവിദ്യരടക്കമുള്ള സമൂഹം തള്ളിപ്പറഞ്ഞ പ്പോൾ പബ്ലിക് ട്രെൻഡ് മാറ്റിയെടുക്കാൻ നടൻ സുരേഷ്ഗോപിയെ കൊട്ടിയൂരിലേക്കയച്ച മുകുന്ദേട്ടൻ സമൂഹമനസ്സിന്റെ മർമ്മം ഗ്രഹിച്ച സംഘാടക പ്രതിഭയായിരുന്നു എന്ന് നിസ്സംശയം മനസ്സിലാക്കാം.

അധികാരവും ജനപിന്തുണയുമില്ലാത്ത പശ്ചാത്തലത്തിൽ ഒരു പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത അന്യാദൃശനായ സംഘാടകനെയാണ് ദക്ഷിണഭാരതത്തിന് മുകുന്ദേട്ടന്റെ ദേഹവിയോഗത്തോടെ നഷ്ടമാവുന്നത്. കൊട്ടിയൂരും മണത്തണയുമുൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ മലയോരഗ്രാമങ്ങളെ സംബന്ധിച്ച ആകട്ടെ തങ്ങളുടെ സ്വന്തമായ തലയെടുപ്പുള്ള സ്വകാര്യ അഭിമാനമാനമായ ദേശീയനേതാവ് ഇനിയില്ല. അതുല്യമായ ആജ്ഞാശക്തിയോടെ രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് ഏറ്റുവാങ്ങിയ പുഞ്ചിരിയോടെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഉപദേശിച്ച മാർഗ്ഗദർശിയായിരുന്നു പി.പി. മുകുന്ദേട്ടനെന്നും പി എസ് മോഹനൻ അനുസ്മരിച്ചു

#ppmukundan

Next TV

Related Stories
ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

Dec 27, 2024 07:59 AM

ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ...

Read More >>
മിനി ജോബ് ഫെയര്‍

Dec 27, 2024 07:40 AM

മിനി ജോബ് ഫെയര്‍

മിനി ജോബ്...

Read More >>
സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം

Dec 27, 2024 07:39 AM

സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം

സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ...

Read More >>
അപേക്ഷ ക്ഷണിച്ചു

Dec 27, 2024 07:37 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന്‍

Dec 27, 2024 07:36 AM

ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന്‍

ഡിപ്ലോമ കോഴ്സിലേക്ക്...

Read More >>
ജില്ലാ കേരളോത്സവം ഇന്ന് ആരംഭിക്കുന്നു

Dec 27, 2024 07:12 AM

ജില്ലാ കേരളോത്സവം ഇന്ന് ആരംഭിക്കുന്നു

ജില്ലാ കേരളോത്സവം വെള്ളിയാഴ്ച...

Read More >>