---
title: "#hot |  വേനൽ കടുത്തു; ആളൊഴിഞ്ഞ്‌ ജലപാതാ വിനോദകേന്ദ്രങ്ങൾ "
english_title: "Summer is hot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195022/summer-is-hot"
published_at: "2024-03-28T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6605053e9a218_Screenshot_2024-03-28-11-12-31-49_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #hot |  വേനൽ കടുത്തു; ആളൊഴിഞ്ഞ്‌ ജലപാതാ വിനോദകേന്ദ്രങ്ങൾ 

> **Lead Summary:** **കുന്നിക്കോട്: **കടുത്ത വേനലിൽ നീരൊഴുക്ക് നിലച്ചതോടെ സംസ്ഥാന അതിർത്തിയിലെ ജലപാതാ വിനോദകേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കുന്നു. പ്രധാന ജലപാതാ വിനോദകേന്ദ്രങ്ങളായ പാലരുവി, കുറ്റാലം, ഓൾഡ് കുറ്റാലം, ഫൈവ് ഫാൾസ് എന്നിവിടങ്ങളിൽ സഞ്ചാരികളുടെ വരവില്ലാതായി.

## Article Content

**കുന്നിക്കോട്: **കടുത്ത വേനലിൽ നീരൊഴുക്ക് നിലച്ചതോടെ സംസ്ഥാന അതിർത്തിയിലെ ജലപാതാ വിനോദകേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കുന്നു. പ്രധാന ജലപാതാ വിനോദകേന്ദ്രങ്ങളായ പാലരുവി, കുറ്റാലം, ഓൾഡ് കുറ്റാലം, ഫൈവ് ഫാൾസ് എന്നിവിടങ്ങളിൽ സഞ്ചാരികളുടെ വരവില്ലാതായി.

പാലരുവി വെള്ളച്ചാട്ടം വ്യാഴാഴ്ച മുതൽ അടയ്‌ക്കുവാൻ തീരുമാനിച്ചു. വേനൽമഴ ലഭിക്കാഞ്ഞതാണ്‌ പാലരുവിക്ക്‌ തടസ്സമായത്‌. മുൻ വർഷങ്ങളിൽ ഏപ്രിൽ പകുതിയോടെയായിരുന്നു പാലരുവി അടച്ചിരുന്നത്‌. ഇത്തവണ നേരത്തെ അടക്കുന്നതിനാൽ വരുമാനത്തിൽ സാരമായ കുറവുണ്ടാകുമെന്ന്‌ അധികൃതർ പറഞ്ഞു. വനത്തിൽ വെള്ളം കുറഞ്ഞതോടെ വന്യജീവികൾ കുടിവെള്ളത്തിനായി പാലരുവി തോട്ടിലെ നാമമാത്രമായ വെള്ളം തേടി എത്തുന്നതും പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന്‌ തെന്മല ഡി.എഫ്.ഒ ഷാനവാസ് പറഞ്ഞു.

അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടവും വെള്ളമില്ലാത്തതിനാൽ ഒരു മാസം മുമ്പ്‌ തന്നെ അടച്ചു. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലും വെള്ളമില്ല. മഴ കനക്കുന്ന സാഹചര്യത്തിൽ മാത്രമേ ഇനി പുതിയ സീസൺ ആരംഭിക്കുകയുള്ളൂ. ജൂൺ മാസത്തിൽ തുടങ്ങുന്ന പ്രധാന സീസൺ ആഗസ്തിനാണ്‌ അവസാനിക്കുക. സീസണിനെ കേന്ദ്രീകരിച്ചാണ്‌ അനുബന്ധ കച്ചവട സ്ഥാപനവും സജീവമാകുക.

വേനൽമാസങ്ങളിലൊഴികെ മറ്റു സമയങ്ങളിൽ സഞ്ചാരികളുടെ തിരക്ക് നിയന്ത്രണാതീതമാണ്‌. പാലരുവിയിലെ കുളിക്കടവ്‌, കുറ്റാലം കൊട്ടാരത്തിനു സമീപത്തെ കുളക്കടവ്‌ എന്നിവ മേഖലയിലെ പ്രധാന ആകർഷണമാണ്‌. സഹ്യപർവത മലനിരകളിൽ തടഞ്ഞുനിൽക്കുന്ന നീരുറവയും തടയണ വെള്ളവുമാണ് അടിവാരത്തെ ജലസമ്പുഷ്ടമാക്കി നിലനിർത്തുന്നത്. സഞ്ചാരികളുടെ വരവില്ലാതായതോടെ പ്രദേശത്തെ കച്ചവടക്കാരും അനുബന്ധ ജീവനക്കാരും ദുരിതത്തിലായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195022/summer-is-hot)