കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബുധനാഴ്ച കണ്ണൂര്‍ മണ്ഡലത്തില്‍ ഏഴു സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ്, യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍, സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ കെ പി നാരായണകുമാര്‍, ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി, വാടി ഹരീന്ദ്രന്‍, ഭാരതീയ ജവാന്‍ കിസാന്‍ സ്ഥാനാര്‍ഥി രാമചന്ദ്രന്‍ ബാവിലേരി എന്നിവരാണ് ബുധനാഴ്ച നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.
എം വി ജയരാജന്‍, സി രഘുനാഥ്, കെ സുധാകരന്‍, കെ പി നാരായണകുമാര്‍, ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി, വാടി ഹരീന്ദ്രന്‍ എന്നിവര്‍ കലക്ടറേറ്റില്‍ എത്തി ജില്ലാ ഭരണാധികാരിയായ കലക്ടര്‍ അരുണ്‍ കെ വിജയന് മുമ്പാകെയാണ് പത്രികകള്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് കലക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി. എംവി ജയരാജന്‍ മൂന്ന് സെറ്റ് നാമനിര്‍ദേശപത്രികയാണ് സമര്‍പ്പിച്ചത്. കെ സുധാകരന്‍ നാല് സെറ്റ് പത്രികയും രഘുനാഥ് രണ്ട് സെറ്റുമാണ് സമര്‍പ്പിച്ചത്. ഭാരതീയ ജവാന്‍ കിസാന്‍ സ്ഥാനാര്‍ഥി രാമചന്ദ്രന്‍ ബാവിലേരി ഡെസിഗ്‌നേറ്റഡ് എ ആര്‍ ഒ ആയ (എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍) സറീന എ റഹ്മാന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഡെസിഗ്‌നേറ്റഡ് എആര്‍ഒ യുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി.
എം വി ജയരാജനൊപ്പം രാമചന്ദ്രന്‍ കടന്നപ്പള്ളി, പി കെ ശ്രീമതി, എന്‍ ചന്ദ്രന്‍, സി പി സന്തോഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. എല്‍ ഡി എഫിന്റെ എന്‍ ചന്ദ്രനും പത്രിക സമര്‍പ്പിച്ചു. സി രഘുനാഥിന്റെ കൂടെ കെ രഞ്ജിത്ത്, എ പി അബ്ദുള്ളകുട്ടി, അഡ്വ. അംബികാസുതന്‍, പൈലി വാത്യാട്ട് എന്നിവരും ഉണ്ടായിരുന്നു. കെ സുധാകരനൊപ്പം അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. സണ്ണി ജോസഫ്, അഡ്വ. സജീവ് ജോസഫ്, അഡ്വ. അബ്ദുല്‍ കരീം ചേലേരി എന്നിവരും ഉണ്ടായിരുന്നു. യുഡിഎഫിന്റെ ചന്ദ്രന്‍ തില്ലങ്കേരിയും പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ മണ്ഡലത്തില്‍ ഇതുവരെ എട്ടു സ്ഥാനാര്‍ഥികളാണ് പത്രികകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. പത്രികകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്.
Election