---
title: "ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ "
english_title: "kannur Haj camp to begin on May 30 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204498/kannur-haj-camp-to-begin-on-may-30"
published_at: "2024-05-10T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e4a5b0763a_2024_malayorashabdam.jpg"
keywords: []
---

# ഹജ്ജ് ക്യാമ്പ് മെയ്‌ 30 ന് ആരംഭിക്കും; ഈ വർഷം 3113 യാത്രക്കാർ 

> **Lead Summary:** കണ്ണൂർ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കണ്ണൂർ എംബാർക്കേഷൻ പോയിന്റ് വഴി പുറപ്പെടുന്ന തീർത്ഥാടകർക്കായുള്ള ക്യാമ്പ് മെയ് 30 ന് പ്രവർത്തനം ആരംഭിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടേയും വിവിധ സർക്കാർ വകുപ്പ് മേധാവികളുടേയും യോഗം കലക്ടറേറ്റിൽ ചേർന്നു. എ ഡിഎം നവീൻ ബാബു അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകൾ പൂർത്തിയാക്കേണ്ട കാര്യങ്ങൾ, നടപടികളുടെ സമയ ക്രമം തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് വിവിധ വകുപ്പ് മേധാവികൾ ക്യാമ്പിലെത്തി ഒരുക്കങ്ങൾ വിലയിരുത്തും.

## Article Content

കണ്ണൂർ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കണ്ണൂർ എംബാർക്കേഷൻ പോയിന്റ് വഴി പുറപ്പെടുന്ന തീർത്ഥാടകർക്കായുള്ള ക്യാമ്പ് മെയ് 30 ന് പ്രവർത്തനം ആരംഭിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടേയും വിവിധ സർക്കാർ വകുപ്പ് മേധാവികളുടേയും യോഗം കലക്ടറേറ്റിൽ ചേർന്നു. എ ഡിഎം നവീൻ ബാബു അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകൾ പൂർത്തിയാക്കേണ്ട കാര്യങ്ങൾ, നടപടികളുടെ സമയ ക്രമം തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് വിവിധ വകുപ്പ് മേധാവികൾ ക്യാമ്പിലെത്തി ഒരുക്കങ്ങൾ വിലയിരുത്തും.

ഹജ്ജ് ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളിൽ നിന്നും പ്രത്യേക നോഡൽ ഓഫീസർമാരെയും ചുമതലപ്പെടുത്തി. 3113 പേരാണ് കണ്ണൂർ എംബാർക്കേഷൻ പോയിന്റ് വഴി പുറപ്പെടുക. ജൂൺ 1 ന് പുലർച്ചെ 5.55 നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം. സഊദി സമയം രാവിലെ 8.50 ന് വിമാനം ജിദ്ധയിലിറങ്ങും. 361 പേർക്ക് സഞ്ചരിക്കാവുന്ന സഊദി അറേബ്യൻ എയർലൈൻസിന്റെ എ.ബി 6 ശ്രേണിയിൽ പെട്ട വിമാനങ്ങളാണ് കണ്ണൂരിൽ നിന്നും സർവ്വീസ് നടത്തുക. യോഗത്തിൽ ഹജ്ജ് കമ്മിറ്റി അംഗവും കണ്ണൂർ ഹജ്ജ് ക്യാമ്പ് കൺവീനറുമായ പി.പി മുഹമ്മദ് റാഫി, അസി.സെക്രട്ടറി എൻ. മുഹമ്മദലി, സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകളുടെ സ്പെഷ്യൽ ഓഫീസർ യു.അബ്ദുൽ കരീം, മുഹമ്മദ് അഷ്റഫ് എൻ, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എയർപോർട്ടിലെ വിവിധ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് കിയാൽ അധികൃതരുമായി നടത്തിയ പ്രത്യേക യോഗത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, കെ.പി സുലൈമാൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204498/kannur-haj-camp-to-begin-on-may-30)