കൂത്തുപറമ്പ് : ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകരുവാനായി കൂത്തുപറമ്പ് നഗരസഭ ജീവനം കിഡ്നി പേഷ്യൻ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ നിലവിൽ സൗജന്യമായാണ് ഡയാലിസിസ് നൽകി വരുന്നത്.
എന്നാൽ ആദ്യഘട്ടത്തിൽ ശേഖരിച്ച ഫണ്ട് തീരുന്ന സാഹചര്യത്തിൽ ഡയാലിസിസ് പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ഫണ്ട് സ്വരൂപിക്കേണ്ടുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി മെയ് 20 ന് യോഗം ചേരുമെന്ന് നഗരസഭാ ചെയർപേഴ്സൺ വി സുജാത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വൃക്ക രോഗിയായി ഒരാൾ തുടർച്ചയായി ഡയാലിസിസിന് വിധേയമാകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയ്ക്ക് കൈത്താങ്ങായാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഒരുകോടി ഇരുപത് ലക്ഷം രൂപ കിഡ്നി ഫണ്ട് ഉപയോഗിച്ച് 10 ഡയാലിസിസ് മിഷീനുകളും, പ്രവർത്തനത്തിനായി നഗരസഭാ പദ്ധതിയിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ച് ഒരു ഷിഫ്റ്റും പ്രവർത്തിക്കുകയായിരുന്നു. രോഗികളുടെ വർദ്ധനവ് കാരണം രണ്ടാമതൊരു ഷിഫ്റ്റ് ആരംഭിക്കുന്നതിനു വേണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ 2019 ൽ 48 ലക്ഷത്തി 63 ആയിരത്തി 355 രൂപ ജനകീയ ഫണ്ട് സ്വരൂപിച്ച് മറ്റൊരു ഷിഫ്റ്റും പ്രവർത്തനം തുടർന്നു വരുകയാണ്.
മൂന്നാംഘട്ട ഡയാലിസിസ് ആണ് ഇപ്പോൾ പണം സ്വരൂപിക്കുന്നത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ വി അലി, പബ്ലിക് റിലേഷൻ ഓഫീസർ സിജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ അജിത, കെ കെ ഷമീർ, മുഹമ്മദ് റാഫി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Koothuparamba