കീഴ്പ്പള്ളി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാം റോഡിനെ ബന്ധിപ്പിക്കുന്ന പരിപ്പുതോട് പാലം തകർന്നു. ഇവിടെ നേരത്തെ ഉണ്ടായിരുന്ന പഴയ പാലം പൊളിച്ച് പുതിയ പാലം നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. പുതിയ പാലം പണി പൂർത്തിയാകുന്നതുവരെ ഉപയോഗിക്കാൻ നിർമ്മിച്ച താത്കാലിക മരപ്പാലമാണ് ഇപ്പോൾ കനത്ത മഴയിൽ തകർന്നിരിക്കുന്നത്.
താത്കാലിക ഗതാഗതവും ഈ പാലം വഴിയായിരുന്നു. പാലം തകർന്നതോടെ വിയറ്റ്നാം കംബോഡിയ നിവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലായി. വിദ്യാർഥികളടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഈ മേഖലയിൽ താമസിക്കുന്നുണ്ട്. താത്കാലിക പാലം എത്രയും വേഗം പുനർനിർമ്മിച്ചില്ലെങ്കിൽ ഈ പ്രദേശത്തുള്ളവർക്ക് കീഴ്പ്പള്ളിയിൽ എത്തുക ദുർഘടമായിരിക്കും.
Papputhodu bridge collapses; People In Crisis