കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്ത പ്രദേശത്ത് നിർമ്മിക്കുന്ന താൽക്കാലിക പാലം വൈകീട്ടോടെ പൂർത്തിയാക്കാനാകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇതിനായി 100 അംഗ പട്ടാള സംഘം വയനാട്ടിൽ എത്തും. പാലം നിർമാണത്തിനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്നായിരിക്കും കൊണ്ടു വരിക. ഇവ എത്തുന്നതോടെ പാലം നിർമ്മാണം വേഗത്തിലാകും.
പാലം നിർമിച്ചാൽ മാത്രമേ ജെസിബികൾക്കും ഹിറ്റാച്ചികൾക്കും ദുരന്ത മേഖലയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. പാലം നിർമാണം തുടങ്ങിയാൽ 5 മണിക്കുറുകൾക്കുള്ളിൽ പട്ടാളത്തിന് അത് പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ടു ടീമുകളായി തിരിഞ്ഞാണ് നിലവിൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരയണമെങ്കിൽ ജെസിബികൾ എത്തിക്കണം.
അതിനാലാണ് താൽക്കാലിക പാലം നിർമ്മാണം അത്യാവശ്യമാകുന്നത്. നിലവിൽ സൈന്യം, പൊലീസ്, അഗ്നിശമന സേന, എൻഡിആർഎഫ് എന്നിവരുടെ സംയുക്ത സംഘങ്ങളാണ് നാലു ടീമുകളായി തിരിഞ്ഞ് ദുരന്തമേഖലയിൽ തിരച്ചിൽ നടത്തുന്നത്. ചില ടീമുകൾക്കൊപ്പം ആരോഗ്യ വകുപ്പിന്റെ സംഘം കൂടി പോയിട്ടുണ്ട്. അടിയന്തര വൈദ്യ സഹായമടക്കം നൽകേണ്ട ഘട്ടത്തിലാണ് ആരോഗ്യവകുപ്പ് സംഘം കൂടി തിരച്ചിൽ സംഘത്തിനൊപ്പം പുറപ്പെട്ടിരിക്കുന്നത്.
100-member army team to build temporary bridge at Mundakkai disaster site