കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് കണ്ടെത്തിയത് 4 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയാതായി മന്ത്രി കെ രാജൻ അറിയിച്ചു. ഇതോടെ 427 പേർ ദുരന്തത്തിൽ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇനി 130 പേരെയാണ് കണ്ടെത്താനുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്നു സാധ്യമാക്കും. ജനകീയ തിരച്ചിൽ നാളെ വീണ്ടും ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉൾപ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് മൂന്ന് മൃതദേഹങ്ങളും ഒരു മൃതദേഹ ഭാഗവുമടക്കം നാല് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇന്ന് ലഭിച്ച നാല് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. 130 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായ 119 പേരുടെ ബന്ധുക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. 11 പേരുടേത് ഇനി കിട്ടാനുണ്ടെന്നും മന്ത്രി പറഞ്ഞു. ചൂരൽ മലയിലെ ദുരന്തവുമായി ബന്ധപ്പെട്ട് 14 ക്യാമ്പുകളിലായി 599 കുടുംബങ്ങളിലെ 1784 പേരാണുള്ളത്. ഇതിൽ രണ്ട് ഗർഭിണികളായ സ്ത്രീകളും 437 കുട്ടികളും ഉൾപ്പെടും.
ക്യാമ്പുകളിൽ താമസിക്കുന്നവരുടെ താത്കാലിക പുനരധിവാസത്തിനായി എൽഎസ്ജിയുടെ 41 കെട്ടിടങ്ങളും പിഡബ്ല്യുഡിയുടെ 24 കെട്ടിടങ്ങളും ഉൾപ്പെടെ 65 കെട്ടിടങ്ങൾ തയ്യാറായിട്ടുണ്ട്. 34 കെട്ടിടങ്ങൾ അറ്റകുറ്റ പണികൾക്കു ശേഷം ഉപയോഗിക്കാമെന്നും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Mundakkai tragedy: 427 dead, says official confirmation