ഇരിട്ടി : കീഴ്പ്പള്ളി കുണ്ടുമാങ്ങോട് പൂട്ടിയിട്ട വീട്ടിൽ മോഷണം. പ്രദേശവാസികളായ രണ്ടുപേരെ ആറളം പോലീസ് അറസ്റ്റ് ചെയ്തു. കീഴ്പ്പള്ളി സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാരായ കുണ്ടുമാങ്ങോട് സ്വദേശി പുളിവേലിൽ ജോഷി (48), വട്ടപ്പറമ്പ് സ്വദേശി സ്രാമ്പിക്കൽ ബിനു (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറുന്തോട്ടത്തിൽ തോമസിന്റെ താമസമില്ലാത്ത വീട്ടിൽ രാത്രി വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം.
വീട്ടുടമ തോമസ് വീട് പൂട്ടി വിദേശത്ത് മക്കളുടെ അടുത്ത് സന്ദർശനത്തിന് പോയിരിക്കുകയായിരുന്നു. വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ ബെഡ് റൂമിലെ ഇരുമ്പ് അലമാര കുത്തിത്തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 30000 രൂപയാണ് സംഘം മോക്ഷ്ട്ടിച്ചത്. വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ച് ഉള്ളിൽ കടന്ന സംഘം മൂന്ന് വാതിലുകൾ തകർത്താണ് ബെഡ്‌റൂമിൽ കടന്നത്. പ്രതികളിൽ ഒരാളെ സംഭവദിവസം വീടിന്റെ പരിസത്തുവെച്ച് സമീപവാസി കണ്ടിരുന്നതായി ലഭിച്ച മൊഴിയാണ് പ്രതികളെ പിടികൂടാൻ കാരണം.
മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം ജോഷിയെ ഇരിട്ടിയിൽ വെച്ചും പിന്നീട് ബിനുവിനെകീഴ്പള്ളിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ആറളം സി ഐസന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ കെ. സുഹൈബും പോലീസുകാരും അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Theft at Keezhappally Mangode; Local residents arrested