ന്യൂഡൽഹി: സ്വപ്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്ത് 74 തുരങ്കപാതകൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചത്. ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്വപ്ന പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു 273 കിലോമീറ്ററാണ് തുരങ്കപാതകളുടെ മൊത്തം ദൈർഘ്യം.
ഏതാനും വർഷങ്ങൾക്കുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ടണലിംഗ് ഇന്ത്യ കോൺഫറൻസിന്റെ രണ്ടാം പതിപ്പിലായിരുന്നു പ്രഖ്യാപനം. 15,000 കോടി ചെലവിൽ മൊത്തം 49 കിലോമീറ്റർ ദൈർഘ്യത്തിൽ 35 തുരങ്കങ്ങൾ ഇതിനകം പൂർത്തിയായി. 134 കിലോമീറ്റർ ദൂരത്തിൽ 69 തുരങ്കങ്ങളുടെ നിർമാണം നടക്കുന്നു. 40000 കോടി രൂപയാണ് ഇതിന്റെ ചെലവ്' ഗഡ്കരി പറഞ്ഞു.അടിസ്ഥാന സൗകര്യ വികസനത്തിൽ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറഞ്ഞ മികച്ച സാങ്കേതിക വിദ്യ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ആഗോള തലത്തിലെ മികച്ച സമ്പ്രദായങ്ങൾ സ്വീകരിക്കണം. മണ്ണിടിച്ചിൽ ഭീഷണിയുള്ള ഹിമാലയൻ മേഖല അടക്കം പ്രത്യേക ഭൂപ്രദേശങ്ങൾക്കായി പ്രീകാസ്റ്റ് ടെക്‌നോളജി, പുഷ്ബാക്ക് ടെക്നിക്ക് തുടങ്ങിയ നൂതനമായ രീതികൾ ഉപയോഗിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) ഘട്ടം മുതൽ നടപ്പാക്കൽ വരെ പദ്ധതികളുടെ സമഗ്രമായ വിലയിരുത്തൽ പ്രധാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി ചെലവു കുറയ്ക്കാനും ഗുണനിലവാരം ഉറപ്പാക്കാനും കഴിയും.രാജ്യത്ത് ഹൈവേകൾ, റോഡുകൾ, തുരങ്കങ്ങൾ എന്നിവ നിർമ്മിക്കുമ്പോൾ ഡി.പി.ആർ കൺസൾട്ടന്റുമാർ ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Delhi