തിരുവനന്തപുരം: ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം അടക്കം ഗുരുതര ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നത്. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് ഓഫീസ് അറിയിച്ചിരിക്കുന്നത്. പി വി അന്‍വര്‍ വിവാദം ഉണ്ടായ ശേഷം മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാത്തത് അടക്കമുള്ള കാര്യങ്ങളില്‍ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്. തൃശ്ശൂര്‍ പൂരം കലക്കിയതില്‍ അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്നതിലും സിപിഐ നേതൃത്വം പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും ഭരണകക്ഷി എംഎല്‍എ നല്‍കിയ പരാതിയിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമങ്ങൾ ചോദിക്കുമെന്ന കാര്യം ഉറപ്പാണ്
CHIEF MINISTER'S PRESS MEET TODAY