കേളകം : കാട്ട് പന്നി കൂട്ടം കൃഷി നശിപ്പിച്ചതിൽ പ്രതിഷേധവുമായി കർഷകൻ. കേളകം പഞ്ചായത്ത് നരിക്കടവിലെ അറക്കൽ തോമസാണ് മരത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. നഷ്ടപരിഹാരവും നടപടിയും വേണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ആത്മഹത്യാഭീഷണി മുഴക്കിയത്.
കാട്ടുപന്നിക്കൂട്ടം മുന്നൂറോളം കപ്പയും ചേമ്പും നശിപ്പിച്ചത് ബുധനാഴ്ച രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് തോമസ് കാണുന്നത്. രാവിലെ വന്നു നോക്കിയപ്പോൾ പൊന്നു പോലെ പരിപാലിച്ചിരുന്ന തോട്ടം ഒറ്റ രാതി കൊണ്ട് കാട്ടുപന്നിക്കൂട്ടം വെട്ടുകിളികൾ പോലെ നശിപ്പിച്ചുവെന്നും , അതിൽ മനം നൊന്താണ് ആത്മഹത്യാക്കുറിപ്പ് പോലും എഴുതി വയ്ക്കാതെ മരത്തിൽ കയറിയതെന്നും തോമസ് പറഞ്ഞു. പിന്നീട് ആളുകൾ കൂടുകയും ഉദ്യോഗസ്ഥരെത്തി തോമസിനെ താഴെ ഇറക്കുകയുമായിരുന്നു. ഒന്നരലക്ഷം രൂപ കൃഷി ആവശ്യത്തിനായി തോമസ് ബാങ്ക് ലോൺ എടുത്തിരുന്നു.
ചേമ്പും കാച്ചിലും കപ്പയും ഉൾപ്പെടെ യുള്ള കൃഷി നശിപ്പിക്കപ്പെട്ടത് കണ്ടാണ് ഇന്ന് രാവിലെ എട്ടുമണിയോടെ തോമസ് മരത്തിൽ കയറിയത്. നാട്ടുകാർ നിർബന്ധിച്ചുവെങ്കിലും തോമസ് ഇറങ്ങാൻ കൂട്ടാക്കിയില്ല തുടർന്ന് വാർഡ് മെമ്പറായ ലീലാമ്മ ജോണി, പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് അടക്കമുള്ള ജനപ്രതിനിധികളും, പോലീസും സ്ഥലത്തെത്തി . ബുധനാഴ്ച രാത്രി തന്നെ സ്ഥലത്തുനിന്നും കാട്ടുപന്നിക്കൂട്ടത്തെ വെടി വെച്ച് തുരത്താമെന്നും , നഷ്ടപരിഹാരം ഉടൻ നല്കാമെന്നുള്ള ഉറപ്പും ലഭിച്ചതിനെ തുടർന്ന് തോമസ് താഴെ ഇറങ്ങി.
Narikkadavufarmer