---
title: "വൈദ്യുതി മുടങ്ങി ; ദോശമാവിൽ കുളിച്ച്    മില്ലുടമയുടെ പ്രതിഷേധം"
english_title: "Kollamkseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241087/kollamkseb"
published_at: "2024-10-08T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704f89293185_1000030817.jpg"
keywords: []
---

# വൈദ്യുതി മുടങ്ങി ; ദോശമാവിൽ കുളിച്ച്    മില്ലുടമയുടെ പ്രതിഷേധം

> **Lead Summary:** **കൊല്ലം: **നേരത്തേ അറിയിപ്പു നൽകാതെ വൈദ്യുതി മുടക്കിയതോടെ, കേടായ ദോശമാവിൽ കുളിച്ച് മില്ലുടമ പ്രതിഷേധിച്ചു. ഇളമ്പള്ളൂർ കുളങ്ങരക്കൽ വീട്ടിൽ രാജേഷാണ് കെ.എസ്.ഇ.ബി. കുണ്ടറ സെക്‌ഷൻ ഓഫീസിനു മുന്നിൽ ദോശമാവിൽ കുളിച്ചത്. വേലുത്തമ്പി നഗറിലെ തന്റെ ധാന്യമില്ലിൽ ദോശമാവ് തയ്യാറാക്കി പായ്ക്കുചെയ്ത് കടകളിൽ നൽകുന്ന സംരംഭം നടത്തുകയാണ് രാജേഷ്.

## Article Content

**കൊല്ലം: **നേരത്തേ അറിയിപ്പു നൽകാതെ വൈദ്യുതി മുടക്കിയതോടെ, കേടായ ദോശമാവിൽ കുളിച്ച് മില്ലുടമ പ്രതിഷേധിച്ചു. ഇളമ്പള്ളൂർ കുളങ്ങരക്കൽ വീട്ടിൽ രാജേഷാണ് കെ.എസ്.ഇ.ബി. കുണ്ടറ സെക്‌ഷൻ ഓഫീസിനു മുന്നിൽ ദോശമാവിൽ കുളിച്ചത്. വേലുത്തമ്പി നഗറിലെ തന്റെ ധാന്യമില്ലിൽ ദോശമാവ് തയ്യാറാക്കി പായ്ക്കുചെയ്ത് കടകളിൽ നൽകുന്ന സംരംഭം നടത്തുകയാണ് രാജേഷ്.

ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്നുവരെ വേലുത്തമ്പി നഗറിൽ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതിനുമുൻപ്‌ അരിയാട്ടുന്ന ജോലി പൂർത്തിയാക്കാനായി രാവിലെ ആറുമണിക്ക് പണി തുടങ്ങിയെങ്കിലും 11 മണിയോടെ വൈദ്യുതിവിതരണം നിലച്ചു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതിയെത്തിയില്ല. പാകമാകാത്ത മാവ് ആട്ടുകല്ലിൽ കിടന്ന് പുളിച്ചുപോയി. അരിയും ഉഴുന്നും അധ്വാനവുമെല്ലാം നഷ്ടമായതോടെയാണ് ഉച്ചയ്ക്ക് രാജേഷ് വൈദ്യുതി ഓഫീസിലെത്തി പ്രതിഷേധിച്ചത്.

ഇതേസമയത്തുതന്നെ, 11 മുതൽ വൈദ്യുതി മുടങ്ങുമെന്ന സന്ദേശം ഫോണിലെത്തി. മുക്കടയിലെ ട്രാൻസ്ഫോർമർ മാറ്റിവയ്ക്കുന്നതിനാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. സമീപത്തെ 11 കെ.വി. ഫീഡറുകളും ഇതിനായി ഓഫ് ചെയ്യേണ്ടിവന്നു. മൊബൈലിൽ നേരത്തേ മെസേജ് നൽകിയിരുന്നു. ഇതുലഭിക്കാൻ വൈകിയതാകാം കാരണമെന്ന് കെ.എസ്.ഇ.ബി. എൻജിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241087/kollamkseb)