വയനാട് : മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടലിന് ശേഷവും വയനാട് തുരങ്ക പാതയുമായി മുന്നോട്ട്പോകാനുള്ള തീരുമാനത്തിലാണ് സർക്കാർ. ഇതിനെതിരെ സാമൂഹ്യ പ്രവർത്തകയായ മേധ പട്കർ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. സർക്കാരിന്റെ തുരങ്കപാത നശീകരണ പദ്ധതിയാണ് ഉത്തരാഖണ്ഡിൽ അടക്കം അത് തെളിഞ്ഞതാണ്, ഈ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും സിപിഎം പിബി അംഗങ്ങളോട് പദ്ധതി പുനർ ആലോചിക്കണം എന്ന് ആവശ്യപ്പെടുമെന്നും മേധ പട്കർ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഉരുൾപൊട്ടലിൽ അടിയന്തരസഹായം നൽകണം.പാർട്ടിയും വോട്ട് ബാങ്കും നോക്കിയല്ല സഹായം ചെയ്യേണ്ടത്, ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ കിട്ടുന്നില്ലായെന്നും മേധാ പട്കർ വ്യക്തമാക്കി.
കോർപ്പറേറ്റുകളുടെ കോടികളുടെ കടം എഴുതിത്തള്ളുന്ന സർക്കാർ ദുരന്തബാധിതരുടെ കടവും എഴുതിത്തള്ളണം, പരിസ്ഥിതി നിയമങ്ങൾ ദുർബലമാക്കരുത് കർഷക സമരത്തിൽ സിപിഎം ഒപ്പമുണ്ടായിരുന്നു, പക്ഷേ കേരളത്തിലും കർഷക ആത്മഹത്യകൾ ഉണ്ടെന്നും മേധാ പട്കർ കൂട്ടിച്ചേർത്തു. അതേസമയം, സിപിഐയുടെ എതിര്‍പ്പ് കൂടി മറികടന്നാണ് സര്‍ക്കാര്‍ തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ടണല്‍ പാതയുടെ പ്രവര്‍ത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തു. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലും ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വയനാട് തുരങ്കപാതയെപ്പറ്റി മൂന്ന് വട്ടം ചിന്തിക്കണമെന്നും ശാസ്ത്രീയ പഠനം വേണമെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. ഒന്നാം പാക്കേജിന്റെ ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നത് ജൂലൈ 8 നാണ്. രണ്ടാം പാക്കേജിന്റെ ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നത് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിനു ശേഷം, സെപ്റ്റംബര്‍ മാസം നാലിനാണ്.
പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടി രൂപയുടെ സാമ്പത്തികാനുമതിയും നേരത്തെ നല്‍കിയിരുന്നു. തുരങ്കപാതയ്ക്കായി ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട് കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറിയതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.
Medapadkeraboutwayanad