---
title: "തൃശൂര്‍ പൂരം കലക്കൽ: ഗൂഢാലോചന അന്വേഷിക്കുന്ന എസ്ഐടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245622/thrissur"
published_at: "2024-10-28T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ee4e1ebd77_Screenshot_2024-10-28_064130.jpg"
keywords: []
---

# തൃശൂര്‍ പൂരം കലക്കൽ: ഗൂഢാലോചന അന്വേഷിക്കുന്ന എസ്ഐടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

> **Lead Summary:** **തൃശൂർ**: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ടൗൺ ആരെയും പ്രതിചേർക്കാതെ കേസെടുത്തത്.

## Article Content

**തൃശൂർ**: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ടൗൺ ആരെയും പ്രതിചേർക്കാതെ കേസെടുത്തത്.

അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പൊലീസ് തിരക്കിട്ട് കേസെടുത്തത്. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ദ ഉണ്ടാക്കൽ, ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനുശേഷം ഒമ്പത് ദിവസം കഴിഞ്ഞാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. എന്നാൽ, പ്രത്യേക സംഘത്തിന് കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല.

തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്. എന്നാൽ, എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡിജിപി നൽകിയത്. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ കേസെടുക്കാനാകില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് കിട്ടിയ നിയമോപദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245622/thrissur)