കേളകം: കേളകം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം ശാന്തിഗിരി കൈലാസംപടിയിലെ സോയിൽ പൈപ്പിങ് പ്രതിഭാസം സംബന്ധിച്ച് പഠിക്കുന്നതിനു വേണ്ടിയുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന ആരംഭിച്ചു. സംസ്ഥാന ഉരുൾപൊട്ടൽ & മണ്ണിടിച്ചിൽ ഉപദേശക സമിതി ചെയർമാൻ സി. മുരളീധരന്റെ നേതൃത്വത്തിൽ ഉപദേശക സമിതി അംഗങ്ങളായ ജി. ശങ്കർ, ഡോ: ഡി. നന്ദകുമാർ, ഡോ: സജികുമാർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാർഡ് & റിസ്ക്ക് അനലിസ്റ്റ് ജി. എസ്. പ്രദീപ്, സെസ്സിലെ ശാസ്ത്രജ്ഞൻ സുരേഷ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റ് എസ്. ഐശ്വര്യ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സെസ്സിലെ ശാസ്ത്രജ്ഞൻ സുരേഷിന്റെ നേതൃത്വത്തിൽ ഇലക്ട്രിക് റെസിസ്റ്റിവിറ്റി മീറ്റർ ഉപയോഗിച്ച് ഭൂമിക്കടിയിൽ വിള്ളലുകൾ എത്രത്തോളമുണ്ട് വിള്ളലുകൾ രൂപപ്പെടാൻ കാരണമെന്ത് തുടങ്ങിയവ കണ്ടു പിടിക്കുന്നതിനുള്ള ഇലക്ട്രിക് റെസിസ്റ്റിവിറ്റി സർവ്വേ ആരംഭിച്ചു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിർമിച്ച ഈ ഉപകരണം ഉപയോഗിച്ച് നൂറ് മീറ്റർ ആഴത്തിൽ വരെയുള്ള വിള്ളലുകൾ കണ്ടെത്താനാകും. സർവ്വേ നാളെയും തുടരും. ഈ പരിശോധനയുടെ ഭാഗമായി ഈ മേഖലയിലെ ഭൂമിക്ക് വിള്ളൽ വീഴുന്ന പ്രതിഭാസത്തിന് എന്താണ് കാരണം എന്നും അതിന്റെ തീവ്രത എത്രത്തോളം ഉണ്ട് എന്നും കണ്ടെത്താൻ സാധിക്കും. തുടർന്ന് വിദഗ്ധ സംഘം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഏത് തരത്തിലുള്ള പുനധിവാസ പ്രവർത്തനങ്ങളാണ് വേണ്ടതെന്നും ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്നും തീരുമാനിക്കപ്പെടുക. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്കുള്ള സമഗ്രമായ പുനരധിവാസ പദ്ധതിയും പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിർദ്ദേശങ്ങളും തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
kelakam