ഡൽഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേൽക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു, വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവംബർ 10-ന് 65-ാം വയസ്സിൽ വിരമിച്ച ജസ്റ്റിസ് ചന്ദ്രചൂഡാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേര് ശുപാർശ ചെയ്തത്. അടുത്ത വർഷം മെയ് 13 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായി തുടരും.
1960 മെയ് 14 ന് ജനിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന ഡൽഹി സർവകലാശാലയിലെ കാമ്പസ് ലോ സെൻ്ററിൽ നിന്ന് നിയമം ബിരുദം പൂർത്തിയാക്കി. ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം മൂന്നാം തലമുറ അഭിഭാഷകനായിരുന്നു. നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ (NALSA) എക്‌സിക്യൂട്ടീവ് ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
Delhi