തലശ്ശേരി : പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ 135ാം ജന്മദിനാഘോഷ ഭാഗമായി ഞായറാഴ്ച ജവഹര്‍ ബാല്‍ മഞ്ച് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി വര്‍ണ്ണോത്സവം എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവം സംഘടിപ്പിക്കുന്നു. തിരുവങ്ങാട് മഞ്ഞോടിയിലെ ലിബര്‍ട്ടി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ മുതല്‍ വൈകിട്ട് വരെ നീളുന്ന കലോത്സവത്തില്‍ നഴ്‌സറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള 300 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പരിപാടിയുടെ ഉത്ഘാടനം രാവിലെ 9 ന് പ്രശസ്ത ചിത്രകാരന്‍ ബി.ടി.കെ. അശോക് നിര്‍വ്വഹിക്കും. സമാപന ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് മുഖ്യാതിഥിയായി സംബന്ധിക്കും. ലിബര്‍ട്ടി ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന 3 വേദികളിലായി 17 ഇനങ്ങളിലാണ് മത്സരം ഒരുക്കുന്നത്. പ്രീ പ്രൈമറിക്കായി നഴ്‌സറി ഗാനാലാപം, എല്‍ പി . വിഭാഗത്തില്‍ പെന്‍സില്‍ ഡ്രോയിംഗ് ചിത്രരചന, യു.പി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലത്തില്‍ ജലഛായ ചിത്രരചനാ മത്സരം, ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം, എന്നിവയാണ് നടത്തുന്നത്. മത്സര വിജയികള്‍ക്ക് മൊമെന്റോകളും പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജവഹര്‍ലാല്‍ നെഹറു ജയില്‍വാസത്തിനിടെ .എഴുതിയ ഒരച്ചന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകങ്ങളും സമ്മാനിക്കും.
സംഘാടക സമിതി ഭാരവാഹികളായ എം.പി അരവിന്ദാക്ഷന്‍,ആര്‍.വി.രഞ്ചിത്ത്, വി.പി. പ്രമോദ്, ജതീന്ദ്രന്‍ കുന്നോത്ത്, കെ.രമേഷ്, എം.രാജീവന്‍, സുശീല്‍ ചന്ദ്രോത്ത്, എന്നിവര്‍ പത്രസമ്മേളനത്തില്‍ വര്‍ണ്ണോത്സവത്തെ പറ്റി വിശദീകരിച്ചു.
Jawaharlalnaharus