ദുബൈ: ലോക ജനതയ്ക്കിടയിൽ വിശ്വ മാനവികതയുടെ അമ്പാസിഡറായി പ്രവർത്തിച്ച ഇന്ത്യയുടെ മഹാനായ പുത്രനായിരുന്നു ഇ.അഹമ്മദ് സാഹിബെന്നും അദ്ദേഹത്തിൻ്റെ ആശയാദർശങ്ങളും മാനവിക മൂല്യങ്ങളും പ്രചരിപ്പിക്കാനും ഉചിതമായ സ്മാരകം പണിയാനും മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്നും മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി പ്രസ്താവിച്ചു.
ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ നയതന്ത്രമേഖലയിൽ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഐക്യരാഷ്ട്ര സഭയിലും നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രതിഭാശാലിയായിരുന്നു, ഇ. അഹമദ്. ആഗോള തലത്തിൽ രാജ്യങ്ങൾക്കിടയിൽ ഐക്യവും രജ്ഞിപ്പും സമാധാനവും നിലനിർത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ചരിത്ര ഭാഗമാണെന്നും അത് എല്ലായ്പ്പോഴും സ്മരിക്കപ്പെടുമെന്നും കരീം ചേലേരി പറഞ്ഞു.
അതിൻ്റെ ഭാഗമായി മുസ്ലിംലീഗ് ജില്ലാ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇ. അഹമദ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ അടുത്ത വർഷം ഫെബ്രുവരിയിൽ ആഗോള നീതി, ജനാധിപത്യ ഇന്ത്യ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് കണ്ണൂരിൽ രണ്ട് ദിവസത്തെ ഇ. അഹമദ് മെമ്മോറിയൽ ഇൻ്റർനാഷണൽ കോൺഫറൻസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ ഗ്ലോബൽ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യു.എ.ഇ. തല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്ലോബൽ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ബാസ് ഹാജി അദ്ധ്യക്ഷം വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ മഹമൂദ് കാട്ടൂർ,മഹമൂദ് അള്ളാംകുളം, കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ പ്രസംഗിച്ചു.
ഹാഷിം നൂഞ്ഞേരി ചെയർമാനും റയീസ് തലശ്ശേരി കൺവീനറുമായി യു.എ.ഇ കെ.എം.സി.സി. കണ്ണൂർ ജില്ലാ കോർഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകി.
കെ.എം.സി.സി. സംസ്ഥാന, ജില്ലാ നേതാക്കളായ ഹാഷിം നൂഞ്ഞേരി, ബഷീർ ഉളിയിൽ, പി.കെ. ഇസ്മയിൽ, റയീസ് തലശ്ശേരി, അബ്ദുൽഖാദർ അരിപ്പാമ്പ,അബ്ദുല്ല ചേലേരി, കെ.വി. ഇസ്മയിൽ, എൻ.യു. ഉമ്മർകുട്ടി, അബ്ദുള്ള ദാരിമി കൊട്ടില, ഷഹീർ ശ്രീകണ്ഠാപുരം, ആശിക് കണ്ണൂർ, സി.കെ. മമ്മു, സി.എച്ച്. ജാസിർ, പി.പി.ശിഹാദ്, നൗഷാദ് കല്ലായി ജാസിർ എം.പി, മുഹമ്മദലി, മുഹമ്മദ് മാട്ടുമ്മൽ, മുഹമ്മദ് റഫീഖ് തലശ്ശേരി, എം.കെഷാനിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മസ്കത്ത് കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് പി.എ.വി. അബൂബക്കർ, ബഹറൈൻ കെ.എം.സി.സി. ജില്ലാ സെക്രട്ടരി സഹീദ് പുഴക്കൽ എന്നിവരും സംബന്ധിച്ചു.
E. Ahamed, Ambassador of Humanity: Abdul Karim Cheleri