എഡിഎം നവീൻ ബാബുവിന്റെ കേസിൽ സർക്കാരും സിപിഐഎമ്മും ഇരകളോടൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി സെക്രട്ടറി പോയി കുടുബത്തോടൊപ്പമാണെന്ന് പറയുകയും അതെ പാർട്ടി സെക്രട്ടറിയുടെ ഭാര്യ പോയി പ്രതിയെ ജയിലിൽ നിന്ന് സ്വീകരിച്ചത് വിരോധാഭാസമാണെന്നും വി ഡി സതീശൻ വിമർശിച്ചു.
സർക്കാർ വേട്ടക്കാർക്ക് ഒപ്പമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് സത്യമാണെന്നു വ്യക്തമായി. നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നതുപോലെ സിബിഐ അന്വേഷണത്തിനായി സർക്കാർ കോടതിയിൽ സമ്മതിക്കണം. അദ്ദേഹത്തെ അഴിമതിക്കാരനെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്.
പ്രശാന്തൻ പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്.ദിവ്യക്ക് ചില രഹസ്യങ്ങൾ അറിയാം. അത് പുറത്താക്കുമോ എന്ന പേടിയാണ് സർക്കാരിനുള്ളത്. അതുകൊണ്ട് മാത്രമാണ് ദിവ്യയെ പ്രീതിപ്പെടുത്താൻ സിപിഐഎം നേതാക്കൾ ശ്രമിക്കുന്നത്. പ്രതികളും കൂട്ടുകാരുമുള്ള പരിയാരം മെഡിക്കൽ കോളേജിലാണ് നവീൻ ബാബുവിനെ പോസ്റ്റ്മോർട്ടം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേസ് ഡയറി വിളിച്ചുവരുത്തി ഹൈക്കോടതി. ഹർജിയിൽ പ്രത്യേക അന്വേഷണ സംഘത്തലവൻ സത്യവാങ്മൂലം സമർപ്പിക്കണം. കേസിൽ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസ് പരിഗണിച്ച വേളയിൽ ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൊലപാതകം എന്നാണോ പറയുന്നതെന്നും അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം എന്നത് പേരിന് മാത്രമാണെന്നും ഹർജിക്കാരി വ്യക്തമാക്കി. പിന്നാലെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
Vdsatheesan