ജിദ്ദ: ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാത്രി തന്നെ മോദി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിവരം.
പഹൽഗാമിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗവും നാളെ ചേരും. പ്രധാനമന്ത്രി സൗദിയിലും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ അമേരിക്കയിലുമാണുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇന്ത്യ- സൗദി ഉച്ചകോടി തുടങ്ങിയത്. സൗദി കിരീടാവകാശി അനുശോചനം അറിയിച്ചു. ഇന്ത്യയ്ക്ക് എല്ലാ സഹായവും സൗദി കിരീടാവകാശി വാഗ്ദാനം ചെയ്തു. ഇന്ന് രാവിലെയാണ് മോദി സൗദിയിലെത്തിയത്. സൗദി കിരീടാവകാശിയുമായുള്ള ചർച്ച നടന്നുവരികയാണ്. എന്നാൽ ഇതിന് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ തൊഴിലാളികളുടെ ഫാക്ടറി സന്ദർശനം, വ്യവസായികളുമായി കൂടിക്കാഴ്ച്ച എന്നിവയായിരുന്നു മോദിയുടെ നാളത്തെ പരിപാടികൾ. ഇതെല്ലാം റദ്ദാക്കിയാണ് മോദി മടങ്ങുന്നത്. നാളെ രാവിലെ മോദി ഇന്ത്യയിൽ മടങ്ങിയെത്തും. എന്നാൽ നാളെ തന്നെ കാശ്മീരിലേക്ക് പോവുമോ എന്നതുൾപ്പെടെയുള്ള വിവരം പുറത്തുവന്നിട്ടില്ല.
Jemmukashmir