പോണ്ടിച്ചേരി : മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും. മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു. ഇതു പ്രാബല്യത്തിൽ വരുന്നതോടെ മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും. വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷൻ ഫീസും ഉയരും.
മദ്യത്തിന്റെ എക്സൈസ് തീരുവയും അഡിഷണൽ എക്സൈസ് തീരുവയും സ്പെഷ്യൽ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും ഏതാണ്ട് ഇരട്ടിയാക്കാനാണ് പുതുച്ചേരി മന്ത്രിസഭയുടെ തീരുമാനം. ലഫ്റ്റനന്റ് ഗവർണർ ഒപ്പുവെക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും.
തീരുവ വർധനയ്ക്കനുസരിച്ച് മദ്യവില എത്രത്തോളം കൂട്ടണമെന്ന് മദ്യക്കമ്പനികളും വിൽപ്പന ശാലകളുമാണ് തീരുമാനിക്കുക. ഒമ്പതു വർഷത്തിനു ശേഷമാണ് പുതുച്ചേരിയിൽ എക്സൈസ് തീരുവ വർധിപ്പിക്കുന്നതെന്നും അതു നിലവിൽ വന്നാലും മദ്യവില അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
Liquor prices to go up in areas including Mahe