കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ പരീക്ഷ നടത്തിപ്പിലെ ഗുരുതര വീഴ്ചയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കെ എസ് യു പ്രതിഷേധം.എം ഡി സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ചോദ്യപ്പേപ്പർ വിദ്യാർത്ഥികൾ പരീക്ഷ ഹാളിൽ എത്തി അര മണിക്കൂർ കഴിഞ്ഞിട്ടും ലഭ്യമാവാതെ വന്നപ്പോൾ പെട്ടന്ന് 7 വിഷയങ്ങളുടെ പരീക്ഷകൾ മെയ് 5 ലേക്ക് മാറ്റിവെച്ചതായി യൂണിവേഴ്സിറ്റി അറിയിപ്പ് വന്നു. തുടർന്നാണ് വാഴയുമായി കെ എസ് യു പ്രവർത്തകർ യൂണിവേഴ്സിറ്റിയിലേക്ക് പ്രതിഷേധവുമായെത്തിയത്.പരീക്ഷ നടത്താൻ പോലും കഴിയാത്ത യൂണിവേഴ്സിറ്റി പൊതു സമൂഹത്തിന് തന്നെ അപമാനമാണെന്നും ഈ വേനൽക്കാലത്ത് വിദ്യാർത്ഥികളെ വീണ്ടും പരീക്ഷയിലേക്ക് തള്ളി വിടുന്നത് ക്രൂരതയണ് ചെയ്യുന്നതെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ.സർവ്വകലാശാലയ്ക്ക് നഷ്ടമുണ്ടാവാനും വിദ്യാർത്ഥികളെ ദുരിതത്തിലാഴ്ത്താനും മാത്രം അധികാരികൾ ശ്രമിക്കുമ്പോൾ കാലം ഇതൊരു വീഴ്ചയുടെ യൂണിവേഴ്സിറ്റിയായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷ നടത്തിപ്പിലെ ദുരൂഹതകൾ പുറത്ത് വരണമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം ഉണ്ടാവണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി ഗേറ്റിൽ വാഴ നട്ടതിന് ശേഷം യൂണിവേഴ്സിറ്റിയിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിന് ശേഷം പരീക്ഷ കൺട്രോളറുടെ ചുമതലയുള്ള രജിസ്ട്രാറെ കണ്ട് സംസാരിക്കണമെന്ന് കെ എസ് യു നേതാക്കൾ ആവശ്യപ്പെട്ടത് പോലീസുമായി വാക്കേറ്റത്തിനിടയായി.തുടർന്ന് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
കെ എസ് യു സംസ്ഥാന സമിതി അംഗം ആദർശ് മാങ്ങാട്ടിടം, ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ, അക്ഷയ് മാട്ടൂൽ, മുബാസ് സി എച്ച്,അർജുൻ ചാലാട്,സൂര്യ തേജ് എ എം, അഹമ്മദ് യാസീൻ,മുഹമ്മദ് സലീം, ഗോകുൽ രാജ് എന്നിവർ നേതൃത്വം നൽകി.
Kannurunivercity