കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ പടക്കകടയിൽ തീപിടുത്തം. സമീപത്തെ ഹോട്ടൽ ജീവനക്കാരൻ ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടെ തീപ്പൊരി വീണാണ് പടക്ക കട കത്തിയത്. ഹോട്ടൽ ജീവനക്കാരൻ വിനോദിന് (50) പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ജില്ലാ ആശുപത്രി റോഡിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള കോഴഞ്ചേരി സ്വദേശിയുടെ സ്ഥാപനത്തിലാണ് അപകടം. വിനോദ് കടയ്ക്കുള്ളിലിരുന്നു ദോശക്കല്ലിൽ കത്തി രാകുന്നതിനിടെ തീപ്പൊരി തെറിച്ചു വീണാണ് പടക്കത്തിനു തീ പിടിച്ചത്.
മുടിക്കും വസ്ത്രത്തിനും തീപിടിച്ച വിനോദിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീ ഹോട്ടൽ ജീവനക്കാർ തന്നെ അണച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും ലൈസൻസും മറ്റു രേഖകളും പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കേസ് എടുക്കുന്നതടക്കമുള്ള മറ്റ് നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്
Pathanamthitta