തിരുവനന്തപുരം : നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ കടുത്ത നടപടി എടുക്കാന്‍ സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മ ആവശ്യപ്പെട്ടു. തെളിവെടുപ്പ് പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ നല്‍കാമെന്നും ഐസിസി മറുപടി നല്‍കി.
വിന്‍സിയുടെ പരാതി ഒത്ത് തീര്‍പ്പാക്കില്ലെന്നും ഒത്ത് തീര്‍പ്പിലേക്കെത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പരാതിയുടെ ഗൗരവം പരിഗണിച്ച് നടപടിയെടുക്കുമെന്നുമാണ് ഐസിസിയുടെ നിലപാട്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വച്ച് ഷൈന്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫിസിലേക്ക് ഇരുവരേയും വിളിച്ചുവരുത്തി സംസാരിച്ചത് ഒത്തുതീര്‍പ്പെന്ന് മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിഷയം ഒത്തുതീര്‍പ്പാക്കില്ലെന്നും നടപടി സ്വീകരിക്കുമെന്നുമാണ് ഇപ്പോള്‍ ഐസിസി വ്യക്തമാക്കിയിരിക്കുന്നത്.
പരാതി ഗൗരവതരമെന്നും വലിയ മാധ്യമശ്രദ്ധ ലഭിച്ച ഈ സംഭവത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അത് മലയാള സിനിമാ മേഖലയെ ആകെത്തെന്നെ ബാധിക്കുമെന്നുമാണ് ഐസിസിയുടെ നിലപാട്. സംഭവത്തില്‍ നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയ നടി വിന്‍സി ഐസിസിക്ക് മുന്നിലെത്തി ഷൈനെതിരെ മൊഴി നല്‍കിയിരുന്നു.
Vincyaloshiyas