തീയേറ്ററുകളിൽ 3D വിസ്മയം തീർക്കാൻ 'ലൗലി' എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-3D സിനിമ എന്ന് വിശേഷിപ്പിക്കുന്ന 'ലൗലി' മെയ് 16 ന് തീയേറ്ററുകളിൽ എത്തും. പ്രശസ്ത ഗൈനക്കോളജിസ്റ്റ് പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രൻ നിർമ്മാണ പങ്കാളിയാകുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് യുവതാരം മാത്യുതോമസാണ്. ഒരു അനിമേഷൻ കഥാപാത്രമായ 'ഈച്ച' യാണ് ചിത്രത്തിൽ നായികയാകുന്നത്. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
സാൾട്ട് ആൻഡ് പെപ്പർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ സംവിധാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ആഷിഖ് അബുവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മനോജ് കെ. ജയൻ, അശ്വതി മനോഹരൻ, ഉണ്ണിമായ, ബാബു രാജ്, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ.പി.എ.സി. ലീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
lovely 3D cinema