കണ്ണൂർ : കേരള വനം വന്യജീവി വകുപ്പ്, കണ്ണൂർ വനം ഡിവിഷൻ കണ്ണവം റേഞ്ചിന്റെ നേതൃത്വത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെയും,ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു.
ഫലവൃക്ഷങ്ങളുടെ വിത്തുകൾ മണ്ണുരുളകൾക്കുള്ളിൽ ആക്കി വനത്തിൽ നിക്ഷേപിക്കുന്ന പദ്ധതിയാണ് വിത്തൂട്ട്. സാധാരണ നിലയിൽ വനത്തിൽ നിക്ഷേപിക്കപ്പെടുന്ന വിത്തുകൾ പക്ഷിമൃഗാദികളും വന്യജീവികളും ഭക്ഷണമാക്കാറുള്ളത് കൊണ്ട് ഇത് പലപ്പോഴും ഫലപ്രദമാകുന്നില്ല എന്ന് തിരിച്ചറിവിൽ ആണ് ഇങ്ങനെയൊരു പദ്ധതിയുമായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് മുന്നോട്ടു വന്നിരിക്കുന്നത്.ഭക്ഷ്യവിഭവങ്ങൾ തേടി വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സാഹചര്യം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ അവയ്ക്ക് വേണ്ട ഭക്ഷ്യവിഭവങ്ങൾ കാട്ടിനുള്ളിൽ തന്നെ ഒരുക്കുക എന്ന ഒരു ഉദ്ദേശവും ഈ പദ്ധതിക്കുണ്ട്.

വിത്തൂട്ടിന്റെ ഔപചാരികമായ ഉദ്ഘാടനം കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നാരോത്ത് നിർവഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി .ഷൈജു പദ്ധതി വിശദീകരിച്ചു. കണ്ണൂർ റേഞ്ച് ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ നേഴ്സറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. ജിഷ്ണു ക്ലാസെടുത്തു. സി.പി.ഒ എം കെ രാജീവൻ ,കെ പവിത്രൻ ,എം .ടി . സനേഷ്, രാജീവ് ഒതയോത്ത്, വി.പി.ഷീജ ,വി.ഡി. ദീപ്തി, വനംവകുപ്പ് ഉദ്യോഗസ്ഥർ വന സംരക്ഷണ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
കുട്ടികൾക്ക് വന്യമൃഗങ്ങളെയും കാടിനെയും അടുത്തറിയാനുള്ള ഒരു പുത്തൻ അവസരമായിരുന്നു ഈ യാത്ര.
Kannavamvithunda