തിരുവന്തപുരം: വിവാദ ഫോണ്‍ സംഭാഷണം പുറത്തായതോടെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം പാലോട് രവി രാജിവച്ചു. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാലാണ് എ ജലീലിനെതിരെ നടപടി എടുത്തത്.

പാലോട് രവി കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. തുടർന്ന് വിശദീകരണവുമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രംഗത്തുവന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നല്‍കിയതെന്നും മണ്ഡലങ്ങളില്‍ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്നും പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെയാണ് രാജി. പാലോട് രവിയുടെ പരാമര്‍ശത്തിനെതിരെ വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
Controversial phone conversation: Palode Ravi resigned.